തൃശൂർ: പ്രളയദുരന്തത്തിൽ പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്കായി ജില്ലയിലെ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 34 വീടുകളുടെ താക്കോൽദാനം കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നിർവഹിച്ചു. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന 'കെയർ ഹോം' പദ്ധതിയുടെ ഭാഗമായാണ് വീടുകൾ പൂർത്തീകരിച്ചത്. സി.എൻ. ജയദേവൻ എം.പി അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
ജില്ലയിൽ കെയർഹോം പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടം 460 വീടുകളാണ് നിർമ്മിച്ച് നൽകുന്നത്. 460 വീടുകളിൽ നിർമ്മാണം പൂർത്തിയായ 34 വീടുകളുടെ താക്കോൽദാനമാണ് നിർവഹിച്ചത്. ജില്ലയിൽ 125 സഹകരണ സംഘങ്ങളാണ് പദ്ധതിയിൽ ഉൾപ്പെട്ട വീടുകൾ നിർമ്മിച്ച് നൽകുന്നത്. ഒന്ന് മുതൽ 33 വീടുകൾ വരെ എറ്റെടുത്തിട്ടുള്ള സഹകരണ സംഘങ്ങൾ ജില്ലയിൽ ഉണ്ട്. ചാലക്കുടി, കൊടുങ്ങല്ലൂർ, തൃശൂർ, തലപ്പിള്ളി താലൂക്കുകളിലായാണ് ഇപ്പോൾ 34 വീടുകൾ പൂർത്തിയായിട്ടുള്ളത്. ഇത് കൂടാതെ 73 വീടുകളുടെ പ്രധാന വാർപ്പ് പൂർത്തിയായി കഴിഞ്ഞു. 85 വീടുകളുടെ ലിന്റൽ വാർപ്പ് പൂർത്തിയാക്കി. 140 വീടുകളുടെ തറപണി പൂർത്തിയായി.
ജില്ലാതല താക്കോൽദാന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ ടി.വി. അനുപമ , സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ ടി.കെ. സതീഷ് കുമാർ, ജില്ലാ ബാങ്ക് ജനറൽ മാനേജർ ഡോ. എം. രാമനുണ്ണി, പാക്‌സ് ജില്ലാ സെക്രട്ടറി കെ. മുരളീധരൻ, എം.എ. ഹാരീസ് ബാബു, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ കെ.എസ്. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.