തൃശൂർ: ഐ.എം. വിജയന്റെ പേരിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്‌പോർട്‌സ് കോംപ്ലക്‌സിന് ലാലൂരിൽ തറക്കല്ലിട്ടെങ്കിലും മാലിന്യ പ്ലാന്റും വരുമോയെന്ന സംശയത്തിൽ തന്നെയാണ് നിവാസികൾ. സ്‌പോർട്‌സ് കോംപ്ലക്‌സ് നിർമ്മാണം നടക്കുന്നതിനിടെ മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ചീഫ് സെക്രട്ടറി ടോം ജോസ് ലാലൂർ സന്ദർശിച്ചത് ആശങ്ക വർദ്ധിപ്പിച്ചിരുന്നു. ഈ ആശങ്കയ്ക്ക് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ വ്യക്തതയുണ്ടാകുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല.
അദ്ധ്യക്ഷ പ്രസംഗത്തിൽ സ്‌പോർട്‌സ് കോംപ്ലക്‌സാണ് വരികയെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞെങ്കിലും ഉദ്ഘാടനശേഷം പുറത്തുവന്ന മന്ത്രി ഇ.പി. ജയരാജൻ രണ്ടും വേണമെന്നവിധം അഭിപ്രായം പറഞ്ഞതാണ് ആശങ്ക ഉയർത്തിയത്. ജനാഭിപ്രായം മറികടന്ന് ഒന്നും ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞെങ്കിലും പ്ലാന്റുമായി മുന്നോട്ടുപോകാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
സിങ്കപ്പൂർ മോഡൽ അനുവദിക്കില്ല
തൃശൂർ: മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സിങ്കപ്പൂർ മോഡൽ ലാലൂരിൽ അനുവദിക്കില്ല. ഒട്ടനവധി സമരങ്ങൾക്കും ജയിൽവാസത്തിനും ശേഷമാണ് മാലിന്യം ഇവിടേക്ക് കൊണ്ടുവരുന്നത് അവസാനിപ്പിച്ചത്. സ്‌പോർട്‌സ് കോംപ്ലക്‌സ് നിർമ്മാണം സ്വാഗതാർഹം. മാലിന്യ പ്ലാന്റിനെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടും.
- ലാലൂർ മലിനീകരണ വിരുദ്ധ സമിതി
സിങ്കപ്പൂർ മോഡൽ
മാലിന്യവും പ്ലാസ്റ്റിക്കും ഉൾപ്പെടെ കത്തിച്ച് സിന്തറ്റിക് ഗ്യാസ് ഉത്പാദിപ്പിക്കുകയും ആ ഗ്യാസ് ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് നീരാവിയാക്കി ടർബൈൻ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് സിങ്കപ്പൂർ പദ്ധതി. ടൺ കണക്കിന് മാലിന്യത്തിന് പുറമേ ലക്ഷക്കണക്കിന് ലിറ്റർ വെള്ളവും ഇതിനായി വേണ്ടിവരും.
തറക്കല്ലിട്ടത് സ്‌പോർട്‌സ് കോംപ്ലക്‌സിന്
ലാലൂരിൽ തറക്കല്ലിട്ടത് സ്‌പോർട്‌സ് കോംപ്ലക്‌സിനാണെന്ന് മന്ത്രി ഇ.പി. ജയരാജൻ. മറ്റു കാര്യങ്ങൾ തനിക്കറിയില്ല. ലാലൂരിൽ സ്‌പോർട്‌സ് കോംപ്ലക്‌സോ മാലിന്യപ്ലാന്റോ വരികയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്‌പോർട്‌സ് കോംപ്ലക്‌സും വേണം, മാലിന്യ പ്ലാന്റും വേണമെന്ന് പറഞ്ഞ മന്ത്രി ജനങ്ങളെ എതിർത്ത് ഒന്നും കൊണ്ടുവരാനില്ലെന്നും കൂട്ടിച്ചേർത്തു.
പ്രതിഷേധവും സ്വാഗതവും
ലാലൂർ സ്‌പോർട്‌സ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിമാരെ വരവേറ്റ് പ്രതിഷേധ ബോർഡും അഭിനന്ദന ബോർഡും. പ്ലാന്റിനെതിരെ പോസ്റ്റർ പതിച്ച മലിനീകരണ വിരുദ്ധ സമിതി സ്‌പോർട്‌സ് കോംപ്ലക്‌സിനെ സ്വാഗതം ചെയ്ത ബോർഡും വേദിക്ക് സമീപം സ്ഥാപിച്ചിരുന്നു.