rlv
ഡോ.ആർ.എൽ.വി രാമകൃഷ്ണൻ

ചാലക്കുടി: കലാഭവൻ മണിക്കുള്ള സ്‌നേഹോപകാരമായി സഹോദരൻ ആർ.എൽ.വി രാമകൃഷ്ണന് ഡോക്ടറേറ്റ്. മോഹിനിയാട്ടത്തിലെ ഗവേഷണ ഫലമായാണ് മണിയുടെ സഹോദരൻ ഡോ. രാമകൃഷ്ണനായി മാറിയത്. കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചപ്പോൾ ചേനത്തുനാട്ടിലെ കലാഗൃഹത്തിലായിരുന്നു രാമകൃഷ്ണൻ. ജ്യേഷ്ഠന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ ഈനേട്ടമെന്ന് തൊണ്ടയിടറി രാമകൃഷ്ണൻ പറഞ്ഞു. ഈ ആഹ്ലാദം പങ്കിടാൻ അദ്ദേഹമില്ലെന്ന വേദനയാണ് അലട്ടുന്നതെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

ആദ്യം മോഹിനിയാട്ടത്തിൽ ഡിപ്ലോമ, പിന്നെ പോസ്റ്റ് ഡിപ്ലോമ, തുടർന്ന് എം.എ മോഹിനിയാട്ടത്തിൽ ഒന്നാം റാങ്ക് ഇതെല്ലാം കലാഭവൻ മണി ജീവിച്ചിരുന്നപ്പോൾ രാമകൃഷ്ണനെ തേടിയെത്തിയ അംഗീകാരങ്ങളായിരുന്നു. ഇവയുടെ സർട്ടിഫിക്കറ്റുകൾ മുഴുവൻ കാൽച്ചുവട്ടിൽ സമർപ്പിച്ചപ്പോൾ ജ്യേഷ്ഠന്റെ അതിരറ്റ് ആഹ്ലാദിക്കുകയും ചെയ്തു. പിന്നീട് ഡോക്ടറേറ്റിന് പ്രേരിപ്പച്ചതും അദ്ദേഹമായിരുന്നു.

ശാസ്ത്രീയമായി അദ്ദേഹത്തിന് കലാപരിശീലനം ലഭിച്ചിരുന്നില്ല. ആ നഷ്ടം തന്നിലൂടെ നികത്താമെന്ന അദ്ദേഹത്തിന്റെ മോഹമാണ് ഇപ്പോൾ പൂവണിഞ്ഞതെന്നും രാമകൃഷ്ണൻ പറഞ്ഞു. പുരുഷൻമാർക്ക് കടന്നുചെല്ലാൻ കഴിയാതിരുന്ന കലാരൂപാണ് മോഹിനിയാട്ടം. ലാസ്യരൂപം മാത്രമെ ഇതിലുള്ളു എന്ന സങ്കൽപ്പമാണ് ഇതിനാതാരം. എന്നാൽ തണ്ഡവ രൂപങ്ങൾക്കും മോഹിനിയാട്ടത്തിൽ സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു തന്റെ ഗവേഷണം രാമകൃഷ്ണൻ പറയുന്നു. രാവണ കഥാപാത്രത്തേയും മോഹിനിയാട്ടത്തിൽ അവതരിപ്പിക്കാം. തിരുവിതാംകൂർ തിട്ടുകങ്ങളിൽ കണ്ടെടുത്ത താളിയോലകളിൽ പുരാതന കാലത്ത് മോഹിനിയാട്ടത്തിൽ പുരുഷന്മാർക്കുള്ള പങ്കിനെ കുറിച്ച് പരാമർശമുണ്ട്. ഇതെല്ലാമടങ്ങിയ കണ്ടത്തെലുകളാണ് തന്റെ എട്ടുവർഷത്തെ ഗവേഷണം രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.