തൃശൂർ: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച കർഷകർക്കുള്ള ധനഹായം മാർച്ച് 31ന് മുമ്പ് വിതരണം പൂർത്തിയാക്കുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കെയർ ഹോം പദ്ധതിയിലൂടെ നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ ജില്ലാതല താക്കോൽദാനം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അർഹതപ്പെട്ട മുഴുവൻ പേർക്കും പ്രളയാനന്തര സഹായം നൽകുക എന്നതാണ് സർക്കാർ നയം. അപ്പീലുകൾ പരിഗണിച്ച ശേഷം അർഹതപ്പെട്ട മുഴുവൻ പേർക്കും വീടുകളുടെ നിർമ്മാണത്തിന് ധനസഹായം നൽകും. പ്രളയത്തിൽ സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക നഷ്ടം വലുതാണ്. ഇതിൽനിന്നും കരകയറാനുള്ള ശ്രമത്തിലാണ് സംസ്ഥാനം. പ്രളയ ദുരന്ത നിവാരണത്തിൽ ലോകത്തിന് മാതൃകയാകാൻ കേരളത്തിന് കഴിഞ്ഞു. വീടുകൾ നിർമ്മിക്കൽ ഉൾപ്പെടെ പ്രളയാനന്തര പുനർനിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
സഹകരണ മേഖല പ്രളയകാലത്തും പ്രളയാനന്തര പുനർനിർമ്മാണത്തിലും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. പ്രളയകാലത്ത് ഗ്രാമീണ മേഖലയിലും മറ്റും ദുരിതാശ്വാസം എത്തിക്കുന്നതിൽ സഹകരണ മേഖല വലിയ ഇടപെടലാണ് നടത്തിയത്. സംസ്ഥാനത്ത് പ്രളയബാധിതർക്ക് രണ്ടായിരത്തോളം വീടുകൾ നിർമ്മിച്ചു നൽകുകയെന്ന വലിയ ദൗത്യത്തിലാണ് മേഖലയെന്നും ഇതിൽ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.