തൃശൂർ: കേരള ആരോഗ്യ സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ തിരുവനന്തപുരം ഗവ. കോളേജ് മുന്നേറ്റം തുടരുന്നു. നാലാം ദിനത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ തിരുവനന്തപുരം ഗവ. കോളേജ് 98 പോയിന്റോടെ മുന്നേറ്റം തുടരുകയാണ്. 65 പോയിന്റുള്ള ഷൊർണൂർ വിഷ്ണു ആയുർവേദ കോളേജാണ് രണ്ടാം സ്ഥാനത്ത്. 43 പോയിന്റുമായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് മൂന്നാം സ്ഥാനത്തുണ്ട്. കലോത്സവത്തിന് ഇന്ന് തിരശീല വീഴും.

റീജ്യണൽ തിയറ്റർ, ടൗൺഹാൾ, പ്രൊഫ. ജോസഫ് മുണ്ടശേരി ഹാൾ, ബാലഭവൻ എന്നിവിടങ്ങളിലായി മിമിക്രി, ഒപ്പന, പൂരക്കളി, ചാക്യാർകൂത്ത്, നാടകം, മാർഗം കളി, കോൽക്കളി, നാടോടി നൃത്തം, നാടൻപാട്ട്, വട്ടപ്പാട്ട്, സംഘനൃത്തം, ശാസ്ത്രീയ സംഗീതം എന്നീ ഇനങ്ങൾ ഇന്നലെ അരങ്ങേറി. സ്‌കിറ്റ്, മൈം, ഓട്ടൻ തുള്ളൽ, കഥകളി, നാടൻപാട്ട്, വെസ്റ്റേൺ സോളോ, വയലിൻ, വീണ എന്നീ ഇനങ്ങളിൽ ഇന്ന് മത്സരങ്ങൾ നടക്കും. കലോത്സവത്തിൽ ഐശ്വര്യ വിജയനും എസ്. അനന്തുവും മിന്നും താരങ്ങളായി. നൃത്തവേദിയിൽ നിന്ന് ഇരുവരും നേടിയത് രണ്ട് ഒന്നാം സ്ഥാനം.

പെൺകുട്ടികളുടെ നാടോടി നൃത്തത്തിൽ ഐശ്വര്യ വിജയനാണ് (കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്) ഒന്നാം സ്ഥാനം. മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ ഐശ്വര്യക്ക് കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനമുണ്ട്. നാടോടി നൃത്തത്തിൽ ഒല്ലൂർ വൈദ്യരത്‌നം ആയുർവേദ കോളേജിലെ അർച്ചനയ്ക്കാണ് രണ്ടാം സ്ഥാനം. ആൺകുട്ടികളുടെ നാടോടി നൃത്തത്തിൽ എസ്. അനന്തു (പരിയാരം അക്കാഡമി ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസ്) ഒന്നാം സ്ഥാനം നേടി. മൂന്നാം വർഷ ഫാംഡി വിദ്യാർത്ഥിയായ അനന്തുവിന് കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവുമുണ്ട്. നാടോടി നൃത്തത്തിൽ എസ്. സൂരജിനാണ് (വിഷ്ണു ആയുർവേദ കോളേജ് ഷൊർണൂർ) രണ്ടാം സ്ഥാനം.