മാള: ജോജുവിന്റെ അവാർഡ് പരീക്ഷ കഴിഞ്ഞപ്പോൾ ഭാര്യ അബ്ബ പരീക്ഷ തിരക്കിലാണ്. വാർത്തയറിഞ്ഞ് എം.എ ഇംഗ്ലീഷ് രണ്ടാം വർഷ പരീക്ഷയ്‌ക്കായി ആലുവ യു.സി കോളേജിലേക്ക് തിരിക്കുന്നത് സന്തോഷത്തോടെയാണ്. ഉച്ചയ്‌ക്ക് ശേഷമായിരുന്നു പരീക്ഷ. ഒരു നേരമ്പോക്കിനായി മാത്രം വീട്ടിലിരുന്ന് പഠിച്ചാണ് പരീക്ഷയെഴുതുന്നതെന്നും അവാർഡ് വിവരം അറിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അബ്ബ കേരളകൗമുദിയോട് പറഞ്ഞു.
12 വർഷം മുമ്പാണ് മൂവാറ്റുപുഴ സ്വദേശിയായ അബ്ബ ജോജുവിനെ വിവാഹം കഴിച്ചത്. വിവാഹ സമയത്ത് കൊച്ചിൻ എയർപോർട്ടിൽ എയർലൈൻ സൂപ്പർവൈസറായിരുന്നു. ഒരു വർഷം മാത്രമേ ജോലി ചെയ്തുള്ളൂ. പിന്നീട് ജോലിക്ക് ശ്രമിക്കാൻ താത്പര്യം ഇല്ലായിരുന്നു.
ഒരുക്കം നേരത്തേ
പരീക്ഷയ്‌ക്കും അവാർഡ് വാർത്തയ്‌ക്കുമായി വീട്ടിൽ ഒരുക്കം നേരത്തേ തുടങ്ങിയതാണ്. കുടുംബവുമൊത്താണ് ജോജു അവാർഡ് പ്രഖ്യാപനം കാണാൻ ടി.വിക്ക് മുന്നിലിരുന്നത്. അവാർഡ് സാദ്ധ്യതയറിഞ്ഞ് മാദ്ധ്യമങ്ങളും വീട്ടിലെത്തി. മക്കളായ സാറയും ഇയാനും ഇവാനും ക്ലാസിൽ പോയിരുന്നു. മന്ത്രി അവാർഡ് പ്രഖ്യാപിക്കുമ്പോൾ അമ്മ റോസി തൊഴുകൈകളുമായി പ്രാർത്ഥനയോടെ ടി.വിക്ക് മുന്നിലുണ്ട്. മികച്ച സ്വഭാവ നടനുള്ള അവാർഡ് ലഭിച്ചെന്നറിഞ്ഞതോടെ എല്ലാവർക്കും സന്തോഷം. പാറേക്കാടൻ ജോർജ്ജിന്റെ മൂന്ന് മക്കളിൽ മൂത്തയാളായ ജോജുവിന് സിനിമാ മേഖലയിലെ നല്ല സൗഹൃദങ്ങളാണ് എന്നും തുണയായത്. ആ സൗഹൃദങ്ങളെയും ജോജു ഓർത്തു.
ഒന്നും അല്ലാത്ത അവസ്ഥയിൽ നിന്ന് മലയാള സിനിമയിലെത്തിയ എനിക്ക് ലഭിച്ച ഈ അവാർഡ് ഓസ്‌കാറിന് തുല്യമാണ്. ഒരു പാട് തോൽവികൾ കണ്ടും അനുഭവിച്ചുമാണ് ഇവിടെ വരെയെത്തിയത്. അതുകൊണ്ട് തന്നെ ഈ അവാർഡ് എന്റെ സുഹൃത്തുക്കൾക്ക് പ്രചോദനമാകും. അവാർഡ് ലഭിച്ചാലും ഇല്ലെങ്കിലും സന്തോഷവാനാണ്. അവാർഡ് പ്രഖ്യാപിക്കുന്നതിനുള്ള പട്ടികയിലും ചർച്ചയിലും ഉൾപ്പെടാൻ കഴിഞ്ഞതുതന്നെ മഹാഭാഗ്യം. പ്രമുഖർക്കൊപ്പം അവാർഡിനായി പരിഗണിച്ചപ്പോൾ തന്നെ അവാർഡിന് തുല്യമായി. ഇപ്പോൾ ലഭിച്ച സ്വഭാവ നടനുള്ള അവാർഡ് ബോണസാണ്.
- ജോജു ജോർജ്ജ്