തൃശൂർ : വെടിക്കെട്ടിലും ആന എഴുന്നള്ളിപ്പിലും ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊണ്ടുവന്ന നിയന്ത്രണങ്ങളെ തുടർന്ന് ജില്ലയിലെ ക്ഷേത്രോത്സവങ്ങളിൽ ആൾക്കൂട്ടം കുറയുന്നു. വിവിധ മേഖലകളിൽ നഷ്ടത്തിന്റെ കണക്കും ഏറുന്നു. കളിക്കോപ്പ് കച്ചവടക്കാർ, ഹൽവ, ഈന്തപ്പഴം, പൊരി തുടങ്ങിയ പലഹാര കച്ചവടക്കാർ, ശീതളപാനീയ വിൽപ്പനക്കാർ, ഹോട്ടലുകാർ, കൈനോട്ടക്കാർ, സർക്കസുകാർ തുടങ്ങി ഇതുമായി ബന്ധപ്പെട്ട് കഴിയുന്ന ആയിരക്കണക്കിന് പേർക്ക് ഈ ഉത്സവ സീസൺ നിരാശയാണ് സമ്മാനിച്ചത്.

വെടിക്കെട്ടിന്റെ നിയന്ത്രണമാണ് ഉത്സവപ്പറമ്പുകളെ പ്രധാനമായി ബാധിച്ചത്. ഇത് മൂലം വെടിക്കെട്ട് കോപ്പ് നിർമ്മാണത്തിലൂടെ ജീവൻ കരുപിടിച്ചിരുന്നവർ ഉത്സവങ്ങളിൽ നിന്ന് അകന്നു. ഒരുകാലത്ത് കാലു കുത്താൻ പോലും സ്ഥലം ലഭിക്കാതെ ജനത്തിരക്കുണ്ടായിരുന്ന ഉത്രാളി പൂരത്തിലടക്കം ആളുകൾ കുറവായിരുന്നു. ആനച്ചന്തവും മേളക്കൊഴുപ്പും, കരിമരുന്നിന്റെ മായക്കാഴ്ച്ചകളും കാണുന്നതിനും ആസ്വദിക്കുന്നതിനും ഏറ്റവും കൂടുതൽ ഉത്സവങ്ങൾ നടക്കുന്ന ജില്ലയിലേക്ക് ഉത്സവപ്രേമികൾ ഒഴുകിയെത്തിയിരുന്നു. തിരുവില്വാമല നിറമാലയിൽ തുടങ്ങുന്ന ജില്ലയിലെ ഉത്സവ സീസൺ ഇരിങ്ങാലക്കുട കൂടൽമാണിക്യം ഉത്സവം കഴിഞ്ഞ് പറക്കോട്ടുക്കാവ് താലപ്പൊലിയോടെ അവസാനിക്കും. ഇതിനിടയിൽ തൃശൂർ പൂരം, പാവറട്ടി പള്ളി തിരുനാൾ, മണത്തല നേർച്ച തുടങ്ങി വലതും ചെറുതുമായ ഒട്ടനവധി ആഘോഷങ്ങളാണ് നടക്കുന്നത്. ഇവിടെയെല്ലാം എത്തുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്.

രാത്രി കച്ചവടം അവസാനിച്ചു

ഉത്സവപ്പറമ്പുകളിൽ രാത്രികാല കച്ചവടം അവസാനിച്ചു തുടങ്ങി. കഴിഞ്ഞ കുറച്ച് കൊല്ലം മുമ്പ് വരെ രാത്രി ഉത്സവ പറമ്പുകളിൽ സ്ത്രീകളടക്കമുള്ളവർ ഏറെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നാമമാത്രമാണ് പങ്കാളിത്തം. അത് കൊണ്ട് തന്നെ ഉറക്കമിളച്ചുള്ള കച്ചവടം ഒന്നും തന്നെ നടക്കുന്നില്ല.

(സെയ്താലി, 30 വർഷമായി ഉത്സവ പറമ്പിൽ കച്ചവടം നടത്തുന്നു)


ഉത്സവ നിയന്ത്രണങ്ങളുടെ പേരിൽ അധികൃതർ അനാവശ്യമായി ഭാരവാഹികളെ ഭയപ്പെടുത്തുന്നു. അത് കൊണ്ട് കൂടുതൽ റിസ്‌ക് എടുക്കാൻ പലരും തയ്യാറാകുന്നില്ല.

( കെ. ശരത്ത്, ഉത്സവ കമ്മിറ്റി ഭാരവാഹി)

നിയന്ത്രണങ്ങൾ ഇങ്ങനെ

എഴുന്നള്ളിപ്പിൽ വനം വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് നിയമങ്ങൾ

വെടിക്കെട്ടിൽ

കേന്ദ്ര എക്സ്‌പ്ലൊസീവ് വിഭാഗത്തിന്റെ നിയന്ത്രണങ്ങൾ