തൃശൂർ: ചേറ്റുപുഴ പടിഞ്ഞാറേ കോൾപടവിൽ നെല്ല് തൂക്കം പിടിക്കുന്നതിനിടെ തമിഴ്‌നാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കഠിനമായ വെയിലേറ്റതിനെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട് കടലൂർ സ്വദേശിയായ മുരുകനാണ് (45) മരിച്ചത്.

നെല്ല് നിറച്ച ചാക്കുകൾ പിടിച്ചുവെയ്ക്കുന്നതിനിടെ തളർന്നിരുന്ന മുരുകനെ ഉടനെ ഒപ്പമുണ്ടായിരുന്ന സഹോദരനും കോൾസംഘം ഭാരവാഹികളും കൂടി ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 15 വർഷത്തോളമായി മുരുകനും കുടുംബവും ഒളരി കുന്നിൻമുകളിലാണ് താമസിച്ചുവരുന്നത്. തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.