തൃശൂർ: വീട്ടിൽ നിന്ന് പോയിട്ട് ഒരാഴ്ച്ചയായിട്ടുള്ളൂവെങ്കിലും എറെ മാസങ്ങൾക്ക് ശേഷം തിരിച്ചെത്തിയ പോലെ ലക്ഷ്മിക്ക് തോന്നി. വീടിന്റെ ഉമ്മറപ്പടി കയറുമ്പോൾ കണ്ണുകൾ വിടർന്നു, സന്തോഷം കൊണ്ട്. സംരക്ഷിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് രാമവർമ്മപുരത്തെ വൃദ്ധസദനത്തിൽ എത്തിച്ച ഇളംതുരുത്തി സ്വദേശിനിയായ കളരിക്കൽ ലക്ഷ്മി (80) അധികൃതരുടെ ഇടപെടലിനെ തുടർന്നാണ് വീട്ടിൽ തിരിച്ചെത്തിയത്. ഒപ്പം വന്ന വാർഡ് മെമ്പറും അസി. കളക്ടറും ആർ.ഡി.ഒയുമെല്ലാം ലക്ഷ്മിയെ ഉമ്മറത്തിട്ടിരുന്ന കസേരയിൽ ഇരുത്തി. കൂടെ വന്ന റവന്യൂ വകുപ്പിലെ വനിതാ ജീവനക്കാർ ചോദിച്ചു.

''ഇവിടെ നിന്ന് എന്നാ പോയത്?''

അൽപ്പം ഓർമ്മക്കുറവുണ്ടെങ്കിലും ലക്ഷ്മി പറഞ്ഞു: ''ഒരാഴ്ച്ച.''

ആറു മക്കളുണ്ടായിട്ടും ഒരാഴ്ച മുമ്പാണ് സംരക്ഷിക്കാൻ ആരുമില്ലെന്ന് പറഞ്ഞ് ലക്ഷ്മിയെ വൃദ്ധസദനത്തിൽ കൊണ്ട് വന്നത്. മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ അധികൃതർ ഇടപെട്ടു. ഇന്നലെ എല്ലാം മക്കളെയും അസി. കളക്ടർ പ്രേം കൃഷ്ണനും ആർ.ഡി.ഒ പി.എൻ. സാനുവും വിളിച്ചു വരുത്തി. അമ്മയെ നോക്കേണ്ട ബാദ്ധ്യതയെ കുറിച്ച് ബോദ്ധ്യപ്പെടുത്തി. അമ്മയെ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു. തുടർന്ന് മകൻ അമ്മയെ നോക്കാൻ സമ്മതം അറിയിച്ചു. അമ്മയെ നോക്കാമെന്നുള്ള ഉറപ്പ് അധികൃതർ മക്കളിൽ നിന്ന് രേഖാ മൂലം എഴുതി വാങ്ങി. ലക്ഷ്മിക്ക് രണ്ട് ആൺമക്കളടക്കം ഏഴ് മക്കളായിരുന്നു. ഒരു മകൻ മരിച്ചു.