എറവ്: സംഘം ഭരണസമിതി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി അരിമ്പൂരിലെ 802-ാം ചാലാടി പഴം കോളിലെ കർഷകർ. 2014 മുതൽ 2018 വരെ സംഘത്തിന് ലഭിച്ച പമ്പിംഗ് സബ്‌സിഡിയിൽ 6,09,261 രൂപ കൃഷിക്കാർക്ക് നൽകിയില്ലെന്നതാണ് പ്രധാന പരാതി. കണക്കിൽ കാണിക്കാതെ സംഘം ഭരണസമിതി തട്ടിയെടുത്തെന്നാണ് ആരോപണം.

പ്രതിഷേധമായി എത്തിയ കർഷകർ സംഘം ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച 10,89,560 രൂപ കൃഷിക്ക് ഉപയോഗിക്കാതെ കണക്കിൽ വരവു വയ്ക്കാതെ തട്ടിയെടുത്തെന്നും ആരോപണമുണ്ട്. മത്സ്യലേലം, താറാവുലേലം, വയ്ക്കോൽ ലേലം, ടില്ലർ കൊയ്ത്തുമെതിയന്ത്രം ഇറക്കൽ എന്നിവ പരസ്യലേലം നടത്താതെ ഒത്തുലേലം നടത്തിയെന്ന് കർഷകനായ എ. വിദ്യാധരൻ പറഞ്ഞു.

വളം, കീടനാശിനി വിൽപ്പനയിൽ ലഭിക്കുന്ന ലക്ഷങ്ങൾ വരുന്ന ലാഭം വർഷങ്ങളായി കാണിക്കാതെ വെട്ടിപ്പ് നടത്തിയെന്ന പരാതിയുമുണ്ട്. സംഘത്തിന്റെ അഴിമതിയെ കുറിച്ച് വിവരാവകാശ രേഖയിൽ കിട്ടിയ തെളിവ് സഹിതം കൃഷി വകുപ്പ്, സഹകരണ വകുപ്പ്, കൃഷി മന്ത്രി എന്നിവർക്ക് പരാതി കൊടുത്തിട്ടും നടപടിയെടുക്കാതെ ഒത്തുകളിക്കുകയാണെന്നാണ് കർഷകരുടെ പക്ഷം.

ഫാം റോഡ് നിർമ്മാണം സംബന്ധിച്ചും ആരോപണം ഉയരുന്നുണ്ട്. തമിഴ് തൊഴിലാളികളെ ഉപയോഗിച്ച് തൊഴിലെടുപ്പിച്ച് കൂലി പടവിന്റെ കണക്കിൽ പെടുത്തുകയാണെന്നും കർഷകർ ആരോപിക്കുന്നു. സഹകരണ സംഘത്തിനെതിരെ ആരോപിക്കുന്ന പരാതികൾ സംബന്ധിച്ച് അതത് വിഭാഗങ്ങളിൽ നിന്നും, തെളിവു സഹിതം, വിവരാവകാശം ലഭിച്ച രേഖകൾ സഹിതം പക്കലുണ്ടെന്നും, കർഷകർ വ്യക്തമാക്കി.

അരിമ്പൂർ ചാലാടി പഴം കോൾ സഹകരണ സംഘത്തിനെതിരെ അപവാദ പ്രചരണങ്ങൾ മനഃപൂർവ്വം ആരോപിക്കുന്നതിൽ ഖേദമുണ്ട്. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വി.കെ. മോഹനൻ , സംഘം സെക്രട്ടറി

കർഷകരുടെ ആരോപണം

2014 മുതൽ 2018 വരെ പമ്പിംഗ് സബ്സിഡിയിൽ വെട്ടിച്ചത് - 6 ലക്ഷം

ജില്ലാ, ബ്ലോക്ക് പഞ്ചായത്തിൽ നിന്നും കൃഷിക്ക് ലഭിച്ചത് വെട്ടിച്ചത് - 10 ലക്ഷം

മത്സ്യം, താറാവ്, വയ്ക്കോൽ, ഉപകരണങ്ങൾ എന്നിവയിൽ ഒത്തുലേല ആരോപണം

വളം, കീടനാശിനി വിൽപ്പനയുടെ ലാഭം കണക്കിൽ കാണിക്കാതെ വെട്ടിക്കുന്നു

തമിഴ് തൊഴിലാളികളെ കൊണ്ട് തൊഴിലെടുപ്പിച്ച് കൂലി പടവിന്റെ കണക്കിൽ പെടുത്തിയെന്ന്