ചാലക്കുടി: ചാലക്കുടിപ്പുഴയിലെ കാടുകുറ്റി കോട്ടപ്പടി കടവിൽ കുളിക്കാനിറങ്ങി മുങ്ങിമരിച്ച വിദ്യാർത്ഥികളായ ആഗ്‌നലിനും മിനോഷിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ച അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്‌കൂൾ വികാരനിർഭരമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
സഹപാഠികളും കൂട്ടുകാരുമായി നൂറുകണക്കിന് വിദ്യാർത്ഥികൾ നിറമിഴികളും വിങ്ങുന്ന മനസുമായി തങ്ങളുടെ പ്രിയ മിത്രങ്ങൾക്ക് അന്ത്യോപചാരം അർപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വരെ ക്ലാസ് മുറികളിലും മൈതാനത്തുമൊക്കെയായി ഒപ്പമുണ്ടായിരുന്ന ഇവരുടെ ചേതനയറ്റ ശരീരങ്ങൾ കണ്ട് പലർക്കും ദുഃഖം നിന്ത്രിക്കാനായില്ല. അദ്ധ്യാപകരും പൊട്ടിക്കരഞ്ഞു.
ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ നിന്നും രണ്ട് ആംബുലൻസുകളിലായി സ്‌കൂൾ മുറ്റത്തെത്തിച്ച മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ നിരവധിപേർ തമ്പടിച്ചിരുന്നു. സ്‌കൂളിലെ പൊതുദർശന ചടങ്ങുകൾക്ക്‌ശേഷം മഞ്ചങ്ങൾ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി. വീടുകളിലെയും സ്ഥിതി മറിച്ചായിരുന്നില്ല. അലമുറകളും ആർത്തനാദങ്ങളുമാണ് ഇരുവരുടെയും വീടുകളിൽ അലയടിച്ചത്. വൈകീട്ട് രണ്ടുപള്ളി സെമിത്തേരികളിലായി ഇരുവരുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചത്. കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത്, വൈസ് പ്രസിഡന്റ് മോളി തോമസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
മന്ത്രി പ്രൊഫ. രവീന്ദ്രനാഥ്, ബി.ഡി. ദേവസി എം.എൽ.എ എന്നിവർ കഴിഞ്ഞ ദിവസം തന്നെ സ്ഥലത്തെത്തിയിരുന്നു. കാടുകുറ്റി ചിറമേൽ ഷൈമോന്റെ മകൻ മിനോഷ്, പാനിക്കുളം ആന്റുവിന്റെ മകൻ ആഗ്‌നൽ എന്നിവർ ചാലക്കുടിപ്പുഴയിലെ കോട്ടപ്പടി കടവിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മുങ്ങിമരിച്ചത്.