പുതുക്കാട്: കുറുമാലി പുഴയിൽ നിന്നുള്ള പൊതു, സ്വകാര്യ ലിഫ്ട് ഇറിഗേഷനുകളുടെ പ്രവർത്തനം ശനിയാഴ്ച മുതൽ നിറുത്തിവയ്ക്കാൻ ഉത്തരവ്. ജില്ലാ മേജർ ലിഫ്ട് ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർ, മൈനർ ലിഫ്ട് ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർക്ക് ഈ വിഷയം കാണിച്ച് കത്തു നൽകി. കളക്ടറേറ്റിൽ നിന്നും ഈ വിഷയത്തിൽ ഫോണിൽ നിർദ്ദേശം ലഭിച്ചതായും മൈനർ ഇറിഗേഷൻ ഓഫീസ് അധികൃതർ അറിയിച്ചു. അതുപ്രകാരം പമ്പിംഗ് നിറുത്തിവയ്ക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായും അധികൃതർ പറഞ്ഞു.
ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലുള്ള കോൾ പാടങ്ങളിൽ ആവശ്യത്തിന് വെള്ളം എത്താത്തതാണ് പമ്പിംഗ് നിറുത്തിവയ്ക്കാനുള്ള നിർദ്ദേശത്തിന് കാരണം.
വേനൽക്കാലത്ത് ചിമ്മിണി ഡാമിൽ നിന്നുള്ള ജലം കുറുമാലി പുഴയിലൂടെ തുറന്നു വിട്ടാണ് പടിഞ്ഞാറൻ മേഖലയിലെ കോൾപ്പാടങ്ങളിൽ എത്തിക്കുന്നത്. വരന്തരപ്പിള്ളി പഞ്ചായത്തിൽ മാത്രം 15ലേറെ സർക്കാർ ലിഫ്ട് ഇറിഗേഷൻ പദ്ധതികളാണ് കുറുമാലി പുഴയെ ആശ്രയിച്ചു പ്രവർത്തിക്കുന്നത്. സ്വകാര്യ പമ്പിംഗ് വേറെയും.
വരന്തരപ്പിള്ളി, പറപ്പൂക്കര, പുതുക്കാട് പഞ്ചായത്തുകളിലായി നൂറ് കണക്കിന് പൊതു സ്വകാര്യ ലിഫ്ട് ഇറിഗേഷൻ പമ്പിംഗ് നടക്കുന്നുണ്ട്. ഈ പഞ്ചായത്തുകളുടെ പ്രധാന ജല സ്രോതസും കുറുമാലി പുഴയാണ്. പുഴയിൽ നിന്നുള്ള പമ്പിംഗ് നിറുത്തുന്നത് ഈ പഞ്ചായത്തുകളിലെ ജലസേചനത്തെയും, അതുവഴി കാർഷിക മേഖലയെയും ബാധിക്കും. നിലവിൽ ജലസമ്പുഷ്ടമായ ചിമ്മിണി ഡാമിൽ നിന്നും കുറുമാലിയിലേക്ക് കൂടുതൽ വെള്ളം തുറന്നുവിട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
ലിഫ്ട് ഇറിഗേഷൻ നിറുത്തുന്നത്
നിറുത്തുന്നത് കോൾപാടത്തേക്ക് വെള്ളം എത്താത്തതിനാൽ
ചിമ്മിനി വെള്ളം കുറുമാലിയിലൂടെ കോളിലേക്ക് എത്തിക്കും
ജലസേചനം നിലച്ചാൽ ജാതിച്ചെടികൾക്ക് കൂടുതൽ ദോഷം
ചെടികൾ ഉണങ്ങാനും, കായ കൊഴിയാനും ഇത് ഇടയാക്കും
മേഖലയിലെ കുടിവെള്ള ലഭ്യതയെയും സാരമായി ബാധിക്കും