തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച നവമിവിളക്ക് ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകൾ, തുടർന്ന് കിഴക്കെ നടയിലെ കൂത്തമ്പലത്തിൽ നങ്ങ്യാർകൂത്തിനു ശേഷം വില്വാദ്രിനാഥ സംഗീതോത്സവം ആരംഭിച്ചു. 8.30ന് മേളം അകമ്പടിയോടെ ശീവേലിയും തുടർന്ന് പഞ്ചവാദ്യവും നടന്നു. വൈകിട്ട് വെങ്കിച്ചൻ സ്വാമി പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങൾ, ദീപാരാധന, നാഗസ്വരം, ഏഴിന് തൃപ്പുണിത്തുറ ജെ.റാവുവിന്റെ ഹരികഥ,ഇരട്ടത്തായമ്പക, 11ന് കേളി, കൊമ്പ്പറ്റ്, കുഴൽപറ്റ് എന്നിവയ്ക്ക് ശേഷം ശീവേലിയും നടന്നു.
ദശമി വിളക്ക് വ്യാഴാഴ്ച ആഘോഷിക്കും. രാവിലെ നങ്ങ്യാരമ്മക്കൂത്തോടെ പരിപാടികൾക്ക് തുടക്കമാവും. എട്ടിന് സംഗീതോത്സവം, 8.30ന് ശീവേലി എഴുന്നള്ളിപ്പ് ആരംഭിക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ കോലമേന്തും. പെരുവനം സതീശൻ മാരാർ, പെരുവനം ഗോപാലകൃഷ്ണൻ, വെളപ്പായ നന്ദനൻ,ചേർപ്പ് മണി, വരവൂർ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ മേളം തുടർന്ന് അയിലൂർ അനന്തനാരായണന്റെ പ്രാമാണ്യത്തിൽ പഞ്ചവാദ്യം എന്നിവയും നടക്കും. രണ്ടിന് കിള്ളിക്കുറുശ്ശിമംഗലം ശങ്കരനാരായണന്റെ ഓട്ടൻതുള്ളൽ, തുടർന്ന് പാഠകം, തിരുവാതിരക്കളി, പെരിങ്ങോട് സുബ്രമണ്യന്റെ ലയതരംഗം, നൃത്തനൃത്യങ്ങൾ, ഇരട്ടത്തായമ്പക, കേളി, കൊമ്പുപറ്റ്, കുഴൽപ്പറ്റ്, ശീവേലി എന്നിയോടെ ദശമിവിളക്ക് ആഘോഷപരിപാടികൾക്ക് സമാപനമാവും.