പുത്തൻചിറ സർക്കാർ യു.പി സ്‌കൂളിൽ ഒരു കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഉദ്‌ഘാടനം മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിർവഹിക്കുന്നു.
മാള: പാവപ്പെട്ടവർക്കും ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. കൊടുങ്ങല്ലൂർ മണ്ഡലത്തിലെ പുത്തൻചിറ സർക്കാർ യു.പി സ്‌കൂളിൽ ഒരു കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹം ഉണ്ടാകാൻ പാടില്ലെന്ന നിർബന്ധം സർക്കാരിനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുവിദ്യാലയങ്ങളുടെ എന്ത് കുറവും സർക്കാർ പരിഹരിച്ചു നൽകും. എയ്ഡഡ് വിദ്യാലയങ്ങൾക്ക് ചലഞ്ച് ഫണ്ടായി 50 ശതമാനം പണം നൽകുന്നത് ചരിത്രത്തിലാദ്യമായാണ്. നാടിന്റെ വികസനത്തിന്റെ കേന്ദ്രം വിദ്യാഭ്യാസമാണെന്നും അതുകൊണ്ടുതന്നെയാണ് സർക്കാർ ഈ മേഖലയിൽ നല്ല ഇടപെടൽ നടത്തുന്നതെന്നും മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് വി.എ. നദീർ, വൈസ് പ്രസിഡന്റ് ബീന സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ. ഉണ്ണിക്കൃഷ്ണൻ, പുത്തൻചിറ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.എൻ. രാജേഷ്, പി.ഐ. നിസാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മനോജ്, പ്രധാനാദ്ധ്യാപിക വി. രമണി തുടങ്ങിയവർ സംസാരിച്ചു.