തൃശൂർ : ഒളകരയിലെ ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കുന്നതിന്റെ മുന്നോടിയായി വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംയുക്ത പരിശോധന നടത്തി. ഒളകരയിലെ ആദിവാസികൾ നിർമ്മിച്ച ആട്ടിൻകൂട് വനംവകുപ്പ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥയുണ്ടായി. കളക്ടറുടെയും എം.എൽ.എയുടെയും സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ പ്രശ്‌നം താത്കാലികമായി പരിഹരിച്ചിരുന്നു. പ്രശ്‌നപരിഹാര നടപടികളുടെ ഭാഗമായി ഗ്രാമസഭ മുന്നോട്ടുവച്ച ആവശ്യങ്ങളാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.
ഫോറസ്റ്റ് റേഞ്ച് ഓഫീസർ, വില്ലേജ് ഓഫീസർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വനാവകാശ നിയമപ്രകാരം ഒളകരയിലെ 41 കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങളാണ് സമിതി പരിശോധിക്കുക. ഇതുസംബന്ധിച്ച റിപ്പോർട്ട് കളക്ടർ അദ്ധ്യക്ഷനായ കമ്മിറ്റിക്ക് സമർപ്പിക്കുമെന്നും ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കാനാവശ്യമായ നടപടികൾ ത്വരിതപ്പെടുത്തുമെന്നും കെ. രാജൻ എം.എൽ.എ അറിയിച്ചു.