തൃശൂർ: ജില്ലയിൽ മലേറിയ, ഡെങ്കി, ചിക്കുൻ ഗുനിയ ഉൾപ്പെടെ കൊതുകു പരത്തുന്ന രോഗങ്ങളുടെ എണ്ണം ഏറെ പെരുകുന്നു. കഴിഞ്ഞ വർഷത്തെ ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം രോഗം ബാധിച്ച് ആരും മരിച്ചിട്ടില്ലെങ്കിലും രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്.
വേനൽക്കാലമായതോടെ കൊതുകുകളുടെ എണ്ണം ഇനിയും വർദ്ധിക്കാൻ ഇടയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. വെള്ളം കൂടുതലായി സംഭരിച്ച് വയ്ക്കുന്ന സ്ഥലങ്ങളിലേക്ക് ഇവ കൂട്ടത്തോടെ എത്തി പെറ്റുപെരുകാൻ സാദ്ധ്യതയേറെയാണെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. പ്രളയശേഷമുണ്ടായ മഞ്ഞും ചൂടും ഇടയ്ക്കിടെയുള്ള കാലാവസ്ഥാ വ്യതിയാനവും മാലിന്യപ്രശ്‌നങ്ങളും മുമ്പെങ്ങുമില്ലാത്ത തരത്തിൽ കൊതുകുകൾ പെരുകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. കണ്ണുകളിൽ വിരകൾ വളർന്ന് കണ്ണ് ചുവന്ന് വീർക്കുന്ന ഡോഗ് ഫൈലേറിയാസിസ് മുതൽ വിവിധതരം പനികൾക്ക് വരെ കാരണമാകുന്ന കൊതുകുകളെ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് കൊടുങ്ങല്ലൂരിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടിയതല്ലാതെ നിലവിൽ കൊതുകു സാന്ദ്രത അപകടകരമല്ലെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിലപാട്.
കൊതുക് പരത്തുന്ന
രോഗങ്ങൾ പിടിപ്പെട്ടവർ
കഴിഞ്ഞവർഷത്തെ ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം കൊതുക് പരത്തുന്ന രോഗങ്ങൾ ബാധിച്ചവരുടെ എണ്ണം ഇപ്രകാരമാണ്. ഡെങ്കിപ്പനി 201, ചിക്കുൻ ഗുനിയ 77, മലേറിയ 75 എന്നിങ്ങനെയാണ്. കഴിഞ്ഞ മാസം മൂന്ന് പേർക്ക് ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്തു. അതേസമയം ഡെങ്കി മുൻ വർഷത്തേക്കാൾ വളരെ കുറവാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
മന്ത്, ജപ്പാൻ ജ്വരം അടക്കം പരത്തുന്ന ക്യൂലക്‌സ് കൊതുകളിൽ ഫാറ്റിഗൻസ് വിഭാഗമാണ് നഗരത്തിൽ അടക്കം ജില്ലയിൽ കൂടുതൽ കാണുന്നത്. മലിനജലം അടക്കമുള്ള കാനകളാണ് അവയുടെ പ്രഭവകേന്ദ്രം. കാർബണിന്റെ അളവ് കൂടുതലുള്ളതാണ് ഇത്തരം കൊതുകുകളുടെ സാന്ദ്രത വല്ലാതെ കൂടാൻ കാരണം. നേരത്തെ ഈഡിസ് കൊതുകുകളാണ് കുടുതൽ കണ്ടെത്തിയിരുന്നതെങ്കിൽ മന്ത്, ജപ്പാൻജ്വരം അടക്കം പരത്തുന്ന ക്യൂലക്‌സ് കൊതുകൾക്ക് പിന്നാലെ എയ്ഡ്സ്, അനോഫിലസ്, മാൻസോണി എന്നിവയുമുണ്ട്.
ആരോഗ്യ ജാഗ്രത
ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി കൊതുകിനെ തുരത്തുന്നതിനുള്ള നടപടി കൂടുതൽ ഊർജ്ജിതമാക്കി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൂടുതലായി വരുന്ന കൊതുകളെ ഇല്ലാതാക്കിയാൽ വർഷക്കാലമാകുമ്പോഴേക്കും ഇവയെ ഒരു പരിധി വരെ തടയാനാകും. ഇതിന്റെ മുന്നോടിയായി അംഗൻവാടി വർക്കർമാർക്കും ആശാ വർക്കർമാർക്കും ബോധവത്കരണ പരിശീലനം നൽകി.
(ജില്ലാ മെഡിക്കൽ ഓഫീസർ)
കൊതുകുജന്യരോഗങ്ങൾ
ക്യൂലക്‌സ് കൊതുക്
മന്ത്, ജപ്പാൻജ്വരം എന്നിവ ഉണ്ടാക്കുന്നു
ഈഡിസ് കൊതുക്
ഡെങ്കിപ്പനി, ചിക്കുൻഗുനിയ, യെല്ലോഫീവർ
അനോഫിലിസ് കൊതുക്
മലമ്പനിയുടെ രോഗവാഹി.
ശ്രദ്ധിക്കുക
മാലിന്യം വലിച്ചെറിയുക, വെള്ളം കെട്ടിക്കിടക്കുക തുടങ്ങിയ വൃത്തിഹീന പരിസരങ്ങൾ ഒഴിവാക്കിയാലേ കൊതുകിനെ തുരത്താനാകൂ. പരിസര ശുചിത്വം കാത്തുസൂക്ഷിക്കണം. പരിസര ശുചീകരണത്തിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും ആരോഗ്യം ഉറപ്പാക്കണം. വേനലിൽ വെള്ളം കരുതിവയ്ക്കുന്ന പാത്രങ്ങളിലും സ്ഥലങ്ങളിലും കൊതുക് പെരുകുന്നതും തടയാനാവണം.