നന്തിക്കര: കൂടുതൽ പേർ ശാസ്ത്രം പഠിക്കുകയും ശാസ്ത്രാവബോധം കുറയുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ശാസ്ത്രം ജനങ്ങൾക്ക്, ജനങ്ങൾക്ക് ശാസ്ത്രാവബോധം എന്ന ശാസ്ത്രായനം പദ്ധതിയിലൂടെ കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും ലക്ഷ്യമിടുന്നത് ഈ അന്ധതയെ അകറ്റാനാണെന്നും മന്ത്രി പറഞ്ഞു.
ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നന്തിക്കര സർക്കാർ വിദ്യാലയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസർ പി. ഉഷാറാണി അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്രായനം പദ്ധതി സംസ്ഥാന കോർഡിനേറ്റർ, ഡോ. ടി.വി. വിമൽ കുമാർ പദ്ധതി വിശദീകരണം നടത്തി. നന്തിക്കര സർക്കാർ സ്‌കൂൾ പ്രധാന അദ്ധ്യാപകൻ കെ. രാജൻ, പ്രിൻസിപ്പാൾ കെ.ആർ. അജിത, പിടിഎ പ്രസിഡന്റ് എം.ആർ. ഭാസ്‌കരൻ, ജില്ലാ സയൻസ് ക്ലബ്ബ് സെക്രട്ടറി എ.ജെ. ക്ലീറ്റസ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ശാസ്ത്രാവബോധവും ആവർത്തന പട്ടികയും എന്ന വിഷയത്തിൽ പ്രൊഫ. കെ.ആർ. ജനാർദ്ദനൻ ക്ലാസ് നയിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ശാസ്ത്ര ക്ലബ് അംഗങ്ങളായ അഞ്ഞൂറോളം വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.