ഒല്ലൂർ: നീണ്ട വർഷം പിന്നിട്ട പ്രയത്‌നങ്ങളുടെ ഫലമായി പുത്തൂരിലെ സുവോളജിക്കൽ പാർക്ക് 2020 അവസാനത്തോടെ തുറന്നുകൊടുക്കും. പാർക്കിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനം അതിവേഗം നടന്നുകൊണ്ടിരിക്കുന്നു. രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച പുത്തൂർ പാർക്കിലെത്തും.
പുത്തൂർ കുരിശുമൂലയിലെ വനം വകുപ്പിന്റെ കീഴിലുള്ള 360 ഏക്കർ മുളങ്കാട്ടിൽ പ്രവർത്തനം തുടങ്ങുന്ന വന്യജീവി പാർക്ക് ലോകോത്തര നിലവാരത്തിലുള്ളതാണ്. പക്ഷികൾക്കാവശ്യമായ വിവിധ തരം ഫലം ഉത്പാദിപ്പിക്കുന്ന വൃക്ഷങ്ങൾ അടക്കം നട്ടു പിടിപ്പിക്കും. അവയ്ക്കാവശ്യമായ രീതിയിൽ കൂടുകൂട്ടാനുള്ള സൗകര്യം ഉൾപ്പെടുത്തും.
കൂടാതെ മൃഗങ്ങൾക്കായി ആശുപത്രിയും ഇതോടൊപ്പം നിർമ്മിക്കും. പാർക്കിനായി മുൻസർക്കാരുകൾ അനുവദിച്ച നാമമാത്രമായ തുക ആദ്യ ഘട്ടത്തിൽ ഉപയോഗിച്ചെങ്കിലും പിന്നീട് പ്രവർത്തനം നിലയ്ക്കുകയായിരുന്നു. തുടർന്ന് കിഫ്ബി വഴി ആദ്യഘട്ടം 112.8 കോടി രൂപയും രണ്ടാംഘട്ടത്തിൽ 157.57 കോടി രൂപയ്ക്കും ഭരണാനുമതി ലഭിച്ചതോടെ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗതയേറി. ഒന്നാം ഘട്ടത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കിയപ്പോൾ രണ്ടാംഘട്ടത്തിൽ ഉരഗ, ഉഭയജീവികൾ എന്നിവയുടെ ആവാസവ്യവസ്ഥയ്ക്കുള്ള കൂടുകളുടെ നിർമ്മാണമാണ് നടക്കുക.
അടുത്ത ഘട്ടത്തിൽ ഒട്ടകപക്ഷി, വരയാടുകൾ, ജിറാഫ് എന്നിവയ്ക്കുള്ള കൂടുകളുടെ നിർമ്മാണവും നടക്കും. ഒപ്പം തന്നെ പാർക്കിലേക്കാവശ്യമായ ജലവിതരണവും വൈദുതി വിതരണവും നടക്കും. രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ തൃശൂർ മൃഗശാലയിലെ ജീവികളെ പൂർണ്ണമായും പുത്തൂർ മൃഗശാലയിലേയ്ക്ക് മാറ്റാവുന്ന തരത്തിലാണ് നടപടി പുരോഗമിക്കുന്നത്.
ഓസ്‌ട്രേലിയൻ സൂ ഡിസൈനർ ജോൺകോ ഇവിടെ രണ്ടു തവണയെത്തി പാർക്കിന് മാതൃക തയ്യാറാക്കി. ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ വനം മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ. സി മൊയ്തീൻ, വി. എസ് സുനിൽ കുമാർ, സി. രവീന്ദ്രനാഥ്, കെ. കൃഷ്ണൻകുട്ടി, സി. എൻ ജയദേവൻ എം. പി, എം. എൽ.എമാരായ കെ. രാജൻ, അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി, ബി.ഡി ദേവസി, അരുണൻ, വി. ആർ സുനിൽ കുമാർ എന്നിവർ പങ്കെടുക്കും...