പുതുക്കാട്: താലൂക്ക് ആശുപത്രിയിൽ മുഖം മിനുക്കി ഒട്ടേറെ സൗകര്യങ്ങൾ ഒരുക്കുമ്പോഴും പുരുഷവാർഡ് അടച്ചു പൂട്ടിയിട്ട് രണ്ട് വർഷത്തോളമായി. കാല പഴക്കത്താൽ സീലിംഗ് അടർന്നുവീണ് തുടങ്ങിയപ്പോൾ ആശുപത്രി അധികൃതർ തന്നെയാണ് വാർഡ് അടച്ചു പൂട്ടിയത്. രോഗികളുടെ സുരക്ഷയെ കരുതി വാർഡ് അടച്ചു പൂട്ടിയപ്പോൾ മുതൽ പുരുഷ വാർഡ് പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ഉയരുന്നു.
നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എക്‌റേ യൂണിറ്റ്, ഇൻസിനറേറ്റർ, ലാബോറട്ടറി എന്നിവ ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുമ്പോഴും പുരുഷവാർഡിന്റെ കാര്യത്തിൽ തീരുമാനമാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു .1960ൽ ആണ് 14 ബെഡുകൾ ഉള്ള പുരുഷ വാർഡ് ഉദ്ഘാടനം ചെയ്തത്. 1999 വാർഡിൽ നവീകരണം നടത്തി വാർഡിനോട് ചേർന്ന് കർമ്മ മെഡിക്കൽ ഷോപ്പ്, ലാബോറട്ടറി എന്നിവ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു. അന്ന് കൃഷിമന്ത്രിയായിരുന്ന കൃഷ്ണൻ കണിയാംപറമ്പിലാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
ഒ.പി. ബ്ലോക്കുകൾ ഉൾപ്പെടെ ഉണ്ടായിരുന്ന ചെറിയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമ്മിച്ചതോടെയാണ് പുതുക്കാട് ഗവ. ആശുപത്രിയുടെ ശനിദശ മാറി തുടങ്ങിയത്. എം.എൽ.എ ആയിരുന്ന പ്രൊഫ. സി. രവീന്ദ്രനാഥിന്റെ ശ്രമഫലമായി ആശുപത്രി താലൂക്ക് പദവിയിലേക്ക് ഉയർത്തി. സൗകര്യങ്ങൾ ഓരോന്നായി ഏർപ്പെടുത്തിവരുന്നുണ്ടെങ്കിലും കൂടുതൽ രോഗികളെ പ്രത്യേകിച്ച് പുരുഷന്മാരെ കിടത്തി ചികിത്സയ്ക്ക് സൗകര്യം കുറവാണെന്ന പോരായ്മ നിലനിൽക്കുന്നുണ്ട്. പുതിയ പുരുഷ വാർഡ് ആശുപത്രിയിൽ നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.