trwlmla-ekadasi-photo
വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഏകാദശി മഹോത്സവത്തോട് അനുബന്ധിച്ച് ദശമി വിളക്കിൽ നടന്ന പഞ്ചവാദ്യം

തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏകാദശി വിളക്ക് ഇന്ന് ആഘോഷിക്കും. രാവിലെ നങ്ങ്യാർകൂത്ത്, പത്തിന് മണ്ണൂർ രാജകുമാരനുണ്ണിയുടെ നേതൃത്വത്തിൽ ത്യാഗരാജ പഞ്ചരത്‌ന കീർത്തനാലാപനം, തുടർന്ന് കുംഭാരസേവകർ ക്ഷേത്രത്തിൽ പ്രവേശിക്കും. ആക്കപ്പറമ്പ് ചെട്ടി സമുദായത്തിന്റെ ഗവാള പൂജയും നടക്കും. തുടർന്ന് നൃത്തനൃത്യങ്ങൾ, ഓട്ടൻ തുള്ളൽ, ഗുരുവായൂർ ജ്യോതിദാസിന്റെ സോപാന സംഗീതം, വൈകീട്ട് ഏഴിന് ഡോ. ദിവ്യ നെടുങ്ങാടി അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, പുലർച്ചെ 2.30ന് ശീവേലി എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. കേളി, കൊമ്പുപറ്റ്, കുഴൽപ്പറ്റ് എന്നിവയ്ക്കുശേഷം മീറ്റിന രാമകൃഷ്ണന്റെ മേളം, തുടർന്ന് പഞ്ചവാദ്യം എന്നിവയോടൊപ്പം കർപ്പൂര ദീപപ്രഭയിൽ ഗജവീരൻമാരുടെ അകമ്പടിയോടെ ദേവൻമാരെ പടിഞ്ഞാറെ നടപ്പുരയിലേക്ക് ആനയിക്കുന്ന വിളക്കാചാരവും നടക്കും. മാർച്ച് രണ്ടിന് രാവിലെ 10.30ന് ദ്വാദശി ഊട്ട്, വൈകിട്ട് ദീപാരാധന, ശീവേലി എന്നിവയോടെ ഏകാദശി മഹോത്സവത്തിന് സമാപനമാകും.