മാള: ഫോൺ വഴി ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടിയതായി പരാതി. മാള സെന്റ് തെരാസസ് കോളേജിലെ അദ്ധ്യാപകനായ വടമ സ്വദേശി അജീഷിന്റെ 9,999 രൂപയാണ് നഷ്ടപ്പെട്ടത്. തുടർന്ന് ഇതേ കോളേജിലെ 20 ഓളം അദ്ധ്യാപകർക്ക് ഫോൺ വന്നെങ്കിലും എടുത്തില്ല.

ഇവിടത്തെ 33 പേരാണ് ഒരുമിച്ച് മാളയിലെ സ്വകാര്യ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയത്. ശമ്പള ആവശ്യത്തിനായി തുടങ്ങിയ അക്കൗണ്ടിൽ ഒരു ലക്ഷത്തോളം രൂപ നീക്കിയിരിപ്പുള്ളവർക്കെല്ലാം ഇത്തരത്തിൽ ഫോൺ വന്നു. ഫോൺ എടുക്കുമ്പോൾ മറുവശത്ത് നിന്ന് ഒരു സ്ത്രീയും പുരുഷനും പരസ്പരം ബാങ്ക് വിവരങ്ങളും ഉടമയുടെ വിവരങ്ങളും പറയുന്നത് കേൾക്കാമായിരുന്നു. പൊലീസ് സൈബർ വിഭാഗത്തിന് പരാതി നൽകിയതിനെ തുടർന്ന് പ്രാഥമിക അന്വേഷണം തുടങ്ങി.

ബീഹാറിൽ നിന്നുള്ള സിം ഉപയോഗിച്ച് മുംബയ്‌യിൽ വെച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം ലഭിച്ചത്. കൂട്ടമായെടുത്ത അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തിയത്. 620 ൽ തുടങ്ങുന്ന ഇന്ത്യൻ നമ്പറിൽ നിന്നാണ് വിളി വന്നത്. എന്നാൽ എല്ലാവർക്കും ഒരേ നമ്പറിൽ നിന്നല്ല ഫോൺ വന്നത്. ഓരോ അക്കൗണ്ടിലെയും പണം അറിഞ്ഞാണ് ഹാക്ക് ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്.