1

വിഴിഞ്ഞം: വിഴിഞ്ഞത്ത് ആധുനിക ഫിഷറീസ് സ്റ്റേഷൻ മന്ദിരം ഉദ്ഘാടനം 28ന് നടക്കും. സംസ്ഥാന തല തീരദേശ കൺട്രോൾ റൂമും ഈ മന്ദിരത്തിലാണ് പ്രവർത്തിക്കുന്നത്. നിർമ്മാണം പൂർത്തിയായ മൂന്നുനില മന്ദിരത്തിലാണ് ആധുനിക സൗകര്യങ്ങളോടെ ഒാഫീസ് സജ്ജീകരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ തീരദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് മുഴുവൻ സമയം പ്രവർത്തിക്കുന്ന കൺട്രോൾ റൂമാണ് വരുന്നതെന്ന് അധികൃതർ പറഞ്ഞു. കേന്ദ്രം പ്രവർത്തനം ആരംഭിച്ചാൽ കാലാവസ്ഥ മുന്നറിയിപ്പും കേന്ദ്രമുൾപ്പെടെയുള്ള ദുരന്തനിവാരണ അതോറിട്ടികൾ നൽകുന്ന മുന്നറിയിപ്പുകളും മത്സ്യതൊഴിലാളികൾക്ക് യഥാസമയം അറിയിപ്പ് നൽകാൻ കഴിയും. ഫിഷറീസ് സ്റ്റേഷനിൽ സാറ്റലൈറ്റ് ഫോൺ ലഭ്യമാക്കും. ജീവൻ രക്ഷാബോട്ട്, ജീവൻ രക്ഷാ ഉപകരണങ്ങൾ, മറൈൻ ആംബുംലൻസ്, വായു നിറക്കാവുന്ന ചെറു ഡിങ്കി ബോട്ടുകൾ, എന്നിവയും ഇവിടെ സജ്ജീകരിക്കും. മറൈൻ എൻഫോഴ്സ്‌മെന്റും ഉൾപ്പെടെയുള്ള ഓഫിസ് നിർമ്മാണം പൂർത്തിയാക്കി. 28ന് പുതിയമന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി. ജെ.മേഴ്സി കുട്ടിയമ്മ നിർവഹിക്കും.