national-

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും നടുവിൽ ദേശീയ പൗരത്വഭേദഗതി ബിൽ നിലവിൽ വരികയാണ്. ബിൽ ലോക്‌സഭ പാസാക്കിക്കഴിഞ്ഞു. ബംഗ്ളാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിമിതര മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് പൗരത്വം നൽകാൻ അനുവദിക്കുന്നതാണ് ദേശീയ പൗരത്വഭേദഗതി ബിൽ. മുപ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് ലക്ഷത്തിലേറെ അഭയാർത്ഥികളും ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരും 40 ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരും (ഭൂരിഭാഗവും ബംഗ്ളാദേശിൽ നിന്നുള്ള മുസ്ളിങ്ങൾ) ഉള്ള ഇന്ത്യയിൽ പുതിയ പൗരത്വനിയമം സൃഷ്ടിച്ചേക്കാവുന്ന ദൂരവ്യാപകമായ അലയടികൾ ഏറെയാണ്.

2016ലെ പൗരത്വഭേദഗതി ബിൽ

സ്വതന്ത്രഭാരതത്തിൽ 1955ലാണ് പൗരാവകാശ നിയമം നിലവിൽ വന്നത്. ഈ നിയമപ്രകാരം ജനനത്തിലൂടെയും വംശപരമ്പരയിലൂടെയും രജിസ്ട്രേഷനിലൂടെയും സ്വാഭാവികതയിലൂടെയും ഇന്ത്യൻ പൗരത്വം ലഭിക്കും. 1955ലെ പൗരത്വനിയമമാണ് ആറ് പതിറ്റാണ്ടിനുശേഷം 2016ൽ പൗരത്വഭേദഗതി ബില്ലിലൂടെ ഭേദഗതിക്ക് വിധേയമാകുന്നത്. 2016ൽ ബിൽ അവതരിപ്പിച്ചുവെങ്കിലും പിന്നീട് സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി) പരിഗണനയിലായിരുന്നു. അങ്ങനെ ജെ.പി.സിയുടെ ശുപാർശയും കടന്നെത്തിയ ഭേദഗതി ബില്ലിൽ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും വഴിതെളിക്കുന്ന എന്താണുള്ളത് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുമ്പോൾ കാതലായ ചില മാറ്റങ്ങൾ പൗരത്വ നിയമത്തിൽ ഇടംപിടിക്കും. അതിലേറ്റവും പ്രധാനം 1955ലെ നിയമം എല്ലാ അനധികൃത കുടിയേറ്റവും പൗരത്വവുമാർജ്ജിക്കുന്നതിന് തടസ്സമായിരുന്നപ്പോൾ, ഭേദഗതി നിയമം ആറ് മതവിഭാഗങ്ങളുടെ അനധികൃത കുടിയേറ്റം, അനധികൃതമല്ലാതാക്കി മാറ്റുന്നു എന്നതാണ്. മറ്റൊന്ന് 1955ലെ നിയമം സ്വാഭാവിക പൗരത്വമാർജിക്കുന്നതിനായി 11 വർഷത്തെ ഇന്ത്യൻ വാസം നിഷ്കർഷിച്ചിരുന്നത് ആറ് വർഷമായി ഇളവ് ചെയ്തു എന്നതാണ്. അതോടൊപ്പം ഒ.സി.എ രജിസ്ട്രേഷൻ രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നതിലൂടെ റദ്ദ് ചെയ്യാനാകും എന്ന ഭേദഗതിയും പുതിയ ബിൽ നിർദ്ദേശിക്കുന്നു.

പ്രതിഷേധങ്ങളും ആശങ്കകളും

പീഡിതരായ കുടിയേറ്റക്കാരുടെ ഭാരം രാജ്യം വഹിക്കുമെന്നാണ് സർക്കാർ പക്ഷം. എന്നാൽ, അസാം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പ്രതിഷേധങ്ങളുടെ മുൾമുനയിലാണ്. 1971 മാർച്ചിനുശേഷം ബംഗ്ളാദേശിൽ നിന്നെത്തിയ അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നേടാൻ നിയമഭേദഗതി അവസരമൊരുക്കുമെന്നാണ് സുപ്രധാനമായൊരു വിലയിരുത്തൽ. അസാമിൽ മാത്രം പുതിയ ജനസംഖ്യാ രജിസ്റ്റർ പ്രകാരം 40 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് കണക്ക്. പുറത്തുനിന്നുള്ള കുടിയേറ്റ സാന്നിദ്ധ്യം ഇഷ്ടപ്പെടാത്ത ഗോത്ര മേഖലകളിൽ സ്വാഭാവികമായും പ്രസ്തുത ഭേദഗതി ബിൽ ആശങ്ക പടർത്തുന്നുണ്ട്. മാത്രവുമല്ല, ഇപ്പോൾ അനധികൃത കുടിയേറ്റർക്കാർക്കുള്ള തടവ് ക്യാമ്പുകളിൽ കഴിയുന്നവരിൽ, അമുസ്ളിങ്ങൾ മാത്രം ഇന്ത്യൻ പൗരത്വത്തിലേക്ക് നീങ്ങുമ്പോൾ സംഭവിക്കാവുന്ന ജാതീയമായ വിവേചനവും ശ്രദ്ധേയമാണ്.

ചുരുക്കത്തിൽ പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്ന പുതിയ ഭേദഗതി, ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഉറപ്പുതരുന്ന സമത്വാവകാശത്തിന്റെ ലംഘനം കൂടിയാണെന്നറിയുക. കുടിയേറ്റവും അഭയാർത്ഥി പ്രശ്നങ്ങളും ഏറിവരുന്ന കാലഘട്ടം തീർച്ചയായും പൗരത്വനിയമ ഭേദഗതി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, കുടിയേറ്റക്കാരും പീഡിതരും മനുഷ്യരാണെന്ന കാഴ്ചപ്പാടിന് പകരം മതത്തിലെ കുപ്പായത്തിലൂടെയുള്ള വർഗീയ കാഴ്ചപ്പാട് പുതിയ കാലത്തിന് അനുചിതമല്ല. നിയമലംഘനത്തിന്റെയോ, തീവ്രവാദത്തിന്റെയോ കാലികമായ ഏതളവുകോലുകൊണ്ട് വേർതിരിച്ചാലും ശരി, ഒരു വിഭാഗത്തെ തഴയാനും മറ്റുള്ളവരെ ഉൾക്കൊള്ളാനും മാത്രം സങ്കുചിതമാകരുതെന്ന് വസുധൈവകുടുംബകം എന്ന ഇന്ത്യൻ കാഴ്ചപ്പാട്. അനധികൃത കുടിയേറ്റങ്ങൾ എല്ലാക്കാലവും അങ്ങനെതന്നെ കാണണം. ഇനിയും രജിസ്ട്രേഷനുപോലും വിധേയമാകാത്ത കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലേക്കും അത്തരം അന്വേഷണങ്ങളും ഭേദഗതികളും നീളേണ്ടതുണ്ട്.

( ലേഖകൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സാമ്പത്തികശാസ്ത്ര വിഭാഗം അസി. പ്രൊഫസറാണ് ഫോൺ : 9446272118.)