1

ചിറയിൻകീഴ്: മാതാ അമൃതാനന്ദമയിയുടെ ആശ്രമങ്ങൾ കഷ്ടപ്പെടുന്നവർക്കും ദുരിതങ്ങൾ അനുഭവിക്കുന്നവർക്കും ആശ്രയമാണെന്ന് ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി പറഞ്ഞു. മാതാ അമൃതാനന്ദമയി മഠം ചിറയിൻകീഴ് ആൽത്തറമൂടിന് സമീപം താമരക്കുളത്ത് അനുവദിച്ച ഒരു ഏക്ക‌ർ സ്ഥലത്ത് നിർമ്മിച്ച ആശ്രമ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതിന് വേണ്ടിയാണ് ആശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതെന്ന് ചടങ്ങിൽ ഭദ്രദീപം തെളിച്ച സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് മാതാ അമൃതാനന്ദമയി വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സ്വാമി ശിവമൃത ചൈതന്യ പറഞ്ഞു. അമ്മയുടെ സേവന പ്രവർത്തനങ്ങൾ ജനഹൃദയങ്ങളിൽ ആഴത്തിലുള്ള സ്വാധീനമാണ് ഉണ്ടാക്കിയത്. അതിനുള്ള തെളിവാണ് ഉദ്ഘാടനത്തിനെത്തിയ വൻ ജനാവലിയെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ അമൃത സ്വാശ്രയ സംഘം ചിറയിൻകീഴ് മേഖല പ്രസിഡന്റ് സി.വിഷ്ണുഭക്തൻ പറഞ്ഞു. ജീവാമൃതം പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച ജലസംഭരണിയുടെ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് നിർവഹിച്ചു. ബി.ജെ.പി ദക്ഷിണമേഖല ഉപാദ്ധ്യക്ഷൻ തോട്ടയ്ക്കാട് ശശി, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി.ഇടമന, കൈമനം ആശ്രമം പ്രസിഡന്റ് സജികുമാർ, ഡോ.രാജേന്ദ്രൻ, അമൃത സ്വാശ്രയ സംഘം തിരുവനന്തപുരം മേഖല പ്രസിഡന്റ് ബൈജു പനത്തുറ, ലീന തുടങ്ങിയവർ സംസാരിച്ചു. പുളിമൂട് ജംഗ്ഷനിൽ നിന്നു അമൃതാ സ്വാശ്രയ സംഘം ചിറയിൻകീഴ് മേഖലാ പ്രസിഡന്റ് സി. വിഷ്‌ണുഭക്തൻ നയിച്ച ഘോഷയാത്ര ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം ഫ്ലാഗ് ഓഫ് ചെയ്‌തു. ആയിരക്കണക്കിന് പേരാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഐശ്വര്യപൂജയും സത്സംഗവും നടന്നു. മരണമടഞ്ഞ ധീര ജവാന്മാരുടെ സ്‌മരണയ്ക്ക് മുമ്പിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്.