തിരുവനന്തപുരം: മരണത്തിൽ അവസാനിക്കുന്നതല്ല സൗഹൃദമെന്ന് പറഞ്ഞുതരികയാണ് ഒരു വർഷം മുമ്പ് അപകടത്തിൽ പിരിഞ്ഞുപോയ അജിത്കുമാറിന്റെ കൂട്ടുകാർ. അജിത്കുമാറിന്റെ അമ്മയ്ക്കായി അവർ കൈകോർത്തപ്പോൾ ഇടുക്കി വണ്ടിപ്പെരിയാറിൽ ആ സ്നേഹം വീടായി ജനിച്ചു. വീടിന്റെ താക്കോൽദാനം ഇന്ന് ഉച്ചയ്ക്കു രണ്ടിന് മന്ത്രി എം.എം.മണി നിർവഹിക്കും.
വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് അജിത്കുമാർ കഴിഞ്ഞ വർഷം ജനുവരി
17ന് കാര്യവട്ടം യൂണിവേഴ്സ്റ്റി കാമ്പസിനു സമീപം ബൈക്ക് അപകടത്തിൽ മരണമടഞ്ഞത്. ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന അജിതിന്റെ ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുമ്പോൾ, കാര്യവട്ടത്ത് റിസർച്ച് സ്റ്റുഡന്റ് ആയിരുന്ന അജിതിന്റെ ഗവേഷണപ്രബന്ധം സമർപ്പിക്കാൻ ദിവസങ്ങളേ ബാക്കിയുണ്ടായിരുന്നുള്ളൂ.
ജനസംഖ്യാശാസ്ത്രത്തിൽ പഠനവുമായി പത്തു വർഷത്തോളം അതിജ് കാമ്പസിലുണ്ടായിരുന്നു. നിറയെ സുഹൃത്തുക്കൾ. പക്ഷേ, അവന്റെ മരണശേഷമാണ് അവർ അതറിയുന്നത്- സ്വന്തം വീടെന്ന സ്വപ്നം! വണ്ടിപ്പെരിയാറിൽ തോട്ടം തൊഴിലാളി കുടുംബത്തിലാണ് അജിതിന്റെ ജനനം. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. വൃക്കരോഗിയായിരുന്ന ജ്യേഷ്ഠൻ രണ്ടുവർഷം മുമ്പ് മരണത്തിനു കീഴടങ്ങി. അമ്മ അഖിലാണ്ഡവും അനുജൻ സിജുകുമാറുമാണ് ബാക്കി. സിജു തേയിലത്തോട്ടത്തിൽ പണിക്കു പോകും. അജിത്കുമാറിലായിരുന്നു അമ്മയുടെ പ്രതീക്ഷ. അതും പൊലിഞ്ഞതോടെ നിരാലംബരായ ആ അമ്മയുടെയും അനുജന്റെയും ദുരിതങ്ങൾക്കു മീതെയാണ് അജിതിന്റെ കൂട്ടുകാർ ആശ്വാസത്തിന്റെ മേൽക്കൂര പണിതത്.
കാര്യവട്ടത്തെ സുഹൃത്തുക്കൾ അജിത്കുമാർ കുടുംബസഹായ സമിതിയും ഭവന നിർമ്മാണ നിധിയും രൂപീകരിച്ചു. പണം സ്വരൂപിക്കാൻ രണ്ടു തവണ അജിത്കുമാർ മെമ്മോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് നടത്തി.
നാട്ടിൽ ആറു ലക്ഷം രൂപയ്ക്ക് മൂന്നു സെന്റ് ഭൂമി വാങ്ങി. ബാക്കി തുക കൊണ്ടാണ് വീട് പണിതത്. രണ്ട് മുറിയും ഹാളും അടുക്കളയും. അജിത്കുമാറിന്റെ ഒന്നാം ചരമവാർഷികത്തിനു മുമ്പേ തീർക്കണമെന്നായിരുന്നു മോഹമെങ്കിലും ഇടയ്ക്ക് അല്പം പണി കൂടി വന്നതുകൊണ്ട് വൈകി. ഇന്ന് മന്ത്രിയുടെ കൈയിൽ നിന്ന് വീടിന്റെ താക്കോൽ അഖിലാണ്ഡം ഏറ്റുവാങ്ങുമ്പോൾ, സുഹൃത്തുക്കൾക്കു നന്ദി പറഞ്ഞ് അജിതിന്റെ ആത്മാവുണ്ടാകും, അരികെ.