കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത" പുറത്തുവന്നിട്ട് ഒരു നൂറ്റാണ്ട് കഴിയുന്നു. സീതാകാവ്യത്തിനും നൂറു വയസ് തികഞ്ഞിരിക്കുന്നു എന്നർത്ഥം. കാലം കഴിയുന്തോറും യഥാർത്ഥ കലാസൃഷ്ടിയുടെ കാന്തിയും മൂല്യവും കുറയുകയല്ല, കൂടുകയാണ് . 1919 ഡിസംബറിലാണ് ഈ കാവ്യം കവിയുടെ ചെറിയ മുഖവുരയോടെയും ആറ്റൂർ കൃഷ്ണപിഷാരടിയുടെ ദീർഘമായ പഠനത്തോടെയും പ്രസിദ്ധീകരിച്ചത്.
അക്കാലത്ത് കവിതാരചനയെന്നു പറഞ്ഞാൽ ഇന്ത്യൻ മിത്തോളജിയിൽ നിന്ന് പ്രമേയങ്ങൾ സ്വീകരിച്ച് പുതിയ ചില അർത്ഥം കൊടുത്ത് അവതരിപ്പിക്കുക എന്നു തന്നെയായിരുന്നു അർത്ഥം. ആശാന്റെ സമകാലികരായ കവികളെല്ലാം അതാണ് ചെയ്തത്. എന്നാൽ കുമാരനാശാൻ ഇന്ത്യൻ പുരാണങ്ങളിൽ നിന്നും പ്രമേയം സ്വീകരിച്ചത് ഒരിക്കൽ മാത്രം - 'ചിന്താവിഷ്ടയായ സീത"യിൽ.
സീതാകാവ്യത്തിന്റെ രചനയ്ക്ക് അഞ്ചുവർഷമെടുത്തു എന്നു മുഖവുരയിൽ പറയുന്നുണ്ട്.
'സീതാദേവി അന്തർധാനം ചെയ്യുന്നതിന്റെ തലേനാൾ രാത്രി വാല്മീകിയുടെ ആശ്രമത്തിൽ ഒരു ഏകാന്ത സ്ഥലത്തിരുന്ന തന്റെ പൂർവാനുഭവങ്ങളെയും ആസന്നമായ ഭാവിയെയും മറ്റും പറ്റി ചെയ്യുന്ന ചിന്തകളാണ് ഈ കൃതിയുടെ പ്രധാന വിഷയം" എന്ന കവിയുടെ വിനീതമായ വാക്കുകളും മുഖവുരയിലുണ്ട്.
അന്നത്തെ കവിതാവായനക്കാരിൽ ഭിന്നമായ പ്രതികരണങ്ങളാണ് സീതാകാവ്യം സൃഷ്ടിച്ചതെന്ന് സാഹിത്യചരിത്രം പറയുന്നു. സീതാദേവി ജീവിതത്തിന്റെ ഒടുവിൽ തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി നടത്തുന്ന ഈ ആത്മഭാഷണത്തിൽ തീവ്രവേദനയും, ദാർശനികചിന്തകളും, കടുത്ത വിമർശനങ്ങളും അടങ്ങിയിട്ടുണ്ട്. രാമനെ സീത നിശിതമായി വിമർശിക്കുന്നുണ്ട്.
സീതയുടെ ജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും, സീത ജീവിതത്തിൽ നേരിട്ട വൻ പ്രതിസന്ധികളും, ഈ ലോകത്തോട് വിടപറഞ്ഞുകൊണ്ടുള്ള യാത്രാമൊഴികളും, സീതയുടെ അന്തർധാനവുമെല്ലാം മലയാളത്തിലെ കാവ്യാസ്വാദകരെ എല്ലാക്കാലത്തും ആകർഷിച്ചിട്ടുണ്ട്. കാവ്യം വിശിഷ്ടമായ കാവ്യാനുഭൂതികൾ പകർന്നു കൊടുത്തു എന്നുതന്നെ പറയാം. സീതാകാവ്യത്തിലെ പക്വമായ വൈകാരികതയും, ദാർശനികതയും, പ്രകൃതിയുമായുള്ള മനുഷ്യന്റെ ആത്മബന്ധവുമെല്ലാം മലയാളിയുടെ വിചാരജീവിതത്തെയും സൗന്ദര്യബോധത്തെയും ആഴത്തിൽ സ്വാധീനിച്ചു. നരജീവിതമായ വേദനയെക്കുറിച്ചുള്ള ഈ കാവ്യം ചില ഭാഗത്ത് ദാർശനിക തലത്തിലേക്ക് ഉയരുന്നു.
ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്ന പോലെ പോം
തിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോകരഹസ്യമാർക്കുമേ" എന്ന വരികളിൽ മനുഷ്യാവസ്ഥയെചൊല്ലിയുള്ള അഗാധഖേദം പതഞ്ഞു പൊന്തുന്നുണ്ട്. ഇത്തരം നിരവധി വരികൾ സീതാകാവ്യത്തിലുണ്ട്. അവ കുറച്ചൊന്നുമല്ല മലയാളികളെ വശീകരിച്ചത്.
ഇന്ത്യൻ സ്ത്രീത്വത്തിന്റെ ഉജ്ജ്വല പ്രതീകം എന്നറിയപ്പെടുന്ന സീതയെ കുമാരനാശാൻ വികലമായി ചിത്രീകരിച്ചു എന്ന ആരോപണം ആദ്യകാലം മുതൽ ഉയർന്നുവന്നിട്ടുണ്ട്. ഈ കടുത്ത വിമർശനത്തെ ശക്തിയുക്തം പ്രതിരോധിക്കാൻ നിരവധി വിമർശകർ മുന്നോട്ടുവരികയും ചെയ്തു. ഇപ്പോഴും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന വിമർശകരെ കാണാം. ആശാന്റെ രചനകളിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട, വിമർശിക്കപ്പെട്ട കാവ്യങ്ങളിലൊന്ന് സീതാകാവ്യമാണ്. ഓരോ കാലഘട്ടത്തിലും ഓരോ വിധത്തിലാണ് സീതാകാവ്യത്തെ വായനക്കാരും വിമർശകരും വിലയിരുത്തിയത്. ആറ്റൂരും, മുണ്ടശ്ശേരിയും, കുട്ടികൃഷ്ണമാരാരും, പി.കെ. ബാലകൃഷ്ണനും, സുകുമാർ അഴീക്കോടും, തായാട്ട് ശങ്കരനും, കെ.എം. ഡാനിയേലുമെല്ലാം വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ തലമുറയിലെ വിമർശകരും കൗതുകത്തോടെ ആശാന്റെ സീതയെ സമീപിക്കുന്നതു കാണാം.
വാല്മീകിയുടെ സീതയാണോ ആശാന്റെ സീത എന്ന അന്വേഷണം പലർ നടത്തിയിട്ടുണ്ട്. രാമായണത്തിലെ നായകനായ രാമനെക്കുറിച്ച് കുട്ടികൃഷ്ണമാരാര് നത്തിയ പഠനവും (വാല്മീകിയുടെ രാമൻ) അതിന്റെ ഒടുവിൽ ആശാന്റെ സീത വാല്മീകിയുടെ സീത തന്നെ എന്ന കണ്ടെത്തലും സാഹിത്യ ചരിത്രത്തിലുണ്ട്. ഇന്ന് അത്തരം വാദങ്ങൾക്കൊന്നും പ്രസക്തിയില്ല. പുതിയ മാനദണ്ഡങ്ങളും സൗന്ദര്യവിചാരങ്ങളുമുപയോഗിച്ച് കുമാരനാശാന്റെ സീതയെ വീക്ഷിക്കുമ്പോൾ കവി ഒട്ടും ഉദ്ദേശിച്ചിരിക്കാനിടയില്ലാത്ത അർത്ഥങ്ങളും ഭിന്നഭാവങ്ങളും ഉണ്ടാകുന്നതായി കാണാം. കവിത എപ്പോഴും കവിയെ കവിഞ്ഞ് വളർന്നുപോകും. കവിതയിലെ അർത്ഥം കവിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഒതുങ്ങിനിൽക്കാതെ അത് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്നു. സീതാകാവ്യം ഇന്ന് വായിക്കുന്ന സംവേദനശക്തിയുള്ള വായനക്കാരിൽ അത് വ്യത്യസ്ത കാവ്യമായി മാറുന്നത് കാണാം. കവി സീതാകാവ്യത്തിലൂടെ അധികാര വിമർശനം നടത്തുകയാണ് എന്ന് ഇന്നത്തെ വായനക്കാർ മനസിലാക്കുന്നു. ഭരണകൂടം, അധികാരവ്യവസ്ഥ, പാരമ്പര്യം എന്നിവയെയെല്ലാം നിശിതമായി വിമർശിക്കുകയാണ് കവി. സീതയുടെ ക്ഷോഭിക്കുന്ന ചിന്തകളിൽ അതാണ് പ്രതിഫലിക്കുന്നത്. രാമനെ വിമർശിക്കുന്നതിലൂടെ അധികാര വ്യവസ്ഥയിൽ അടങ്ങിയിരിക്കുന്ന വൈരുദ്ധ്യങ്ങളെയും ജീർണതകളെയും മനുഷ്യവിരുദ്ധതയെയുമെല്ലാം വിമർശിക്കുകയാണ് കവി. അധികാരത്തോടുള്ള രാമന്റെ അമിതമായ താത്പര്യമാണ്, ആസക്തിയാണ് തന്നെ ഉപേക്ഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് സീത നിരീക്ഷിക്കുന്നുണ്ട്. അപകീർത്തിയിലുള്ള ഭയം കൊണ്ട് രാമന്റെ വിവേകം നശിച്ചതായും, ദുഷ്‌കീർത്തിയിൽ നിന്ന് രക്ഷപ്പെടാൻ രാമൻ തിടുക്കം കാട്ടിയെന്നും സീത കണ്ടെത്തുന്നു. ഭരണകൂടത്തിന്റെയും പൗരോഹിത്യത്തിന്റെയും ലോകത്തെ തിന്മകളെക്കുറിച്ചും അനീതികളെക്കുറിച്ചും, നാഗരികതയുടെ ജീർണതകളെക്കുറിച്ചും പറയുമ്പോൾ സീതയുടെ തീവ്രദുഃഖം ക്രോധമായി പരിണമിക്കുന്നതായി കാണാം. ഭരണകൂടം എന്ന സ്ഥാപനവും അധികാരവ്യവസ്ഥയും എക്കാലത്തും പ്രകടിപ്പിക്കുന്ന തിന്മകളിലേക്ക് ദൃഷ്ടി പായിക്കുകയാണ് ഇവിടെ കവി. അതുകൊണ്ട് തന്നെ 'ചിന്താവിഷ്ടയായ സീത"യെ മലയാള കവിതയിലെ ഏറ്റവും മികച്ച രാഷ്ട്രീയ കാവ്യമായി നാം കാണണം.
രാജാവ് എന്ന നിലയിൽ രാമൻ, ശംബൂകൻ എന്ന ശൂദ്രമുനിയെ വധിച്ചത് സീതയുടെ ക്ഷുഭിതമായ ചിന്തകളിൽ കടന്നുവരുന്നുണ്ട്. അപ്പോൾ ശൂദ്രന്റെയും സ്ത്രീയുടെയും സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും തിരസ്കരിക്കുന്ന ധർമ്മശാസ്ത്രങ്ങൾക്ക് നേരെ തിരിയുന്നുണ്ട് സീത. സീത പറയുന്നു: -
അരുതോർക്കിൽ, നൃപൻ വധിച്ചു നി -
ഷ്കരുണം ചെന്നൊരു ശൂദ്രയോഗിയെ
നിരുപിക്കിൽ മയക്കി ഭൂപനെ
ത്തരുണീ പാദ ജഗർഹണീ ശ്രുതി.
ഈ വാക്കുകളിൽ അടങ്ങിയിരിക്കുന്നത് ധർമ്മസംഹിതകളിൽ അടങ്ങിയിരിക്കുന്ന മനുഷ്യവിരുദ്ധമായ ആശയങ്ങളോടുള്ള കടുത്ത ക്ഷോഭമാണ്. സ്ത്രീയുടെയും ശൂദ്രരുടെയും സ്വാതന്ത്ര്യാവകാശങ്ങളെ തിരസ്കരിക്കുന്ന ഭരണകൂടത്തിന്റെ തത്ത്വസംഹിത മനുഷ്യസംസ്കാരത്തെ തന്നെ തകർക്കുകയാണെന്ന് കവി സൂചിപ്പിക്കുകയാണ് ഇവിടെ.
ഭാരതീയ സംസ്കാരത്തിന്റെ മഹത്വവും ശക്തിയും അതു പ്രസരിപ്പിക്കുന്ന പ്രകാശവും നന്നായി മനസിലാക്കിയയാളാണ് കുമാരനാശാൻ. ഉപനിഷത്തുകളിലും ഭാരതീയ തത്ത്വചിന്തയിലുമുള്ള ജീവിതചിന്ത ആഴത്തിൽ ഉൾക്കൊണ്ട കവിയാണ് അദ്ദേഹം. അതിന്റെ വെളിച്ചം ആശാൻ കവിതയിലുണ്ട്. എന്നാൽ പാരമ്പര്യത്തിൽ അടിഞ്ഞുകൂടിയ അനാചാരങ്ങളും മാലിന്യങ്ങളും വ്യക്തമായി തിരിച്ചറിയാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
ജാനകിയുടെ ദൃഢവും ശക്തവും പക്വവുമായ വാക്കുകളിലൂടെ പാരമ്പര്യത്തിന്റെ ചീത്ത വശങ്ങളെ ചീന്തിയെറിയുവാൻ അദ്ദേഹം മുന്നോട്ടുവന്നു. ഇന്ത്യ ഇന്നും നേരിടുന്ന സ്വാതന്ത്ര്യ പ്രശ്നങ്ങളിലേക്ക് കവിത കടന്നുപോകുന്നു. അധികാരത്തിന്റെ ബലാൽക്കാരത്തിന് ഇരയാകുന്ന പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ സീതയിലൂടെ പുറത്തുവരുന്നു.
സീതാകാവ്യത്തിലെ അധികാര രാഷ്ട്രീയ വിമർശനത്തിന് ഇന്നും പ്രസക്തിയുണ്ട്. എന്നും പ്രസക്തി ഉണ്ടായിരിക്കുകയും ചെയ്യും. കാരണം അധികാര സ്ഥാപനങ്ങൾക്കും ഭരണകൂടങ്ങൾക്കും അടിസ്ഥാനപരമായി മാറ്റം സംഭവിക്കാറില്ല. സർക്കാരുകൾ മാറുമ്പോഴും ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളും അധാർമ്മികതയും മനുഷ്യവിരുദ്ധതയും തുടരുന്നു എന്നാണ് ചരിത്രം പറയുന്നത്. അതുകൊണ്ട് നിലവിലിരിക്കുന്ന നീതിന്യായ വ്യവസ്ഥകളെയും നാട്ടുനടപ്പ് രീതികളെയും പുനഃപരിശോധിക്കുവാനും, വ്യവസ്ഥയുടെ അടഞ്ഞുകിടക്കുന്ന വാതായനങ്ങൾ തുറന്നിടാനും നല്ല ഭരണാധിപനു കഴിയണം രാമന് അത് കഴിയാതെ പോയതിനെക്കുറിച്ച് ഓർത്ത് ഖേദിക്കുന്നുണ്ട് സീതാദേവി. വീണ്ടും രാമസന്നിധിയിൽ നിന്നും ക്ഷണമുണ്ടാകുമെന്നറിഞ്ഞ സീതയിൽ നിന്നും 'പാവയോയിവൾ?" എന്ന ചോദ്യം ഇടിനാദം പോലെ ഉയർന്നു. സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുദ്ധകാഹളം ആ വാക്കുകളിലുണ്ട്. സീതയുടെ അന്തർദ്ധാനം ഉറച്ച ഒരു രാഷ്ട്രീയ തീരുമാനം കൂടിയാണ്. ജീവിതം ബലി കൊടുത്തുള്ള പ്രതിഷേധമാണത്. രാമനോട് മാത്രമല്ല നിലവിലിരിക്കുന്ന ധർമ്മശാസ്ത്രത്തോടും ഭരണവ്യവസ്ഥയോടും നീതിന്യായ വ്യവസ്ഥയോടും ആചാരങ്ങളോടും ഉള്ള പ്രതിഷേധമാണ് മരണമെന്ന മഹാമൗനത്തിൽ തന്റെ ജീവിതത്തെ നീക്കിനിറുത്താൻ സീതയെ പ്രേരിപ്പിച്ചത്. രാഷ്ട്രീയകാവ്യം എന്ന നിലയിൽ വീണ്ടും വിലയിരുത്തലുകൾ ആവശ്യപ്പെടുന്ന കാവ്യമാണ് 'ചിന്താവിഷ്ടയായ സീത".