തിരുവനന്തപുരം: കുട്ടികളുടെ അശ്ളീല ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നത് തടയാൻ കേരള പൊലീസിന്റെ സൈബർ വിഭാഗം ഇന്റർപോളുമായി സഹകരിക്കുന്നു. കുട്ടികളുടെ ചിത്രങ്ങൾ മോശമായി ചിത്രീകരിക്കുന്നവരെ പിടികൂടാൻ ഇന്റർപോളിന് കീഴിൽ പ്രത്യേക വിഭാഗമുണ്ട്. ഇതിലൂടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം. കുട്ടികളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ സമീപകാലത്ത് കൂടിയുണ്ടെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു. കുട്ടികളെ മോശമായി ചിത്രീകരിക്കുന്നത് തടയാൻ കേരള പൊലീസിന്റെ സൈബർ വിഭാഗത്തിന് കീഴിൽ കഴിഞ്ഞ ഡിസംബറിൽ രൂപീകരിച്ച പ്രത്യേക സെല്ലിന്റെ മേധാവിയാണ് മനോജ് എബ്രഹാം. സൈബർ ഡോമും ഹൈടെക് സെല്ലും സംയോജിപ്പിച്ചാണ് സെൽ രൂപീകരിച്ചത്.
ടെലിഗ്രാമിലൂടെയാണ്
ഇത്തരം ഫോട്ടോകൾ ധാരാളമായി പ്രചരിപ്പിക്കുന്നത്. പത്ത് വർഷം വരെ ജയിൽ വാസം ലഭിക്കാവുന്ന കുറ്റമാണ് ചൈൽഡ് പോണോഗ്രാഫി. കുട്ടികളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സൈറ്രുകളുടെ ലിസ്റ്റ് കേരള പൊലീസ് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. വിവരങ്ങൾ ശേഖരിച്ചശേഷം അത്തരക്കാരെ ഇന്റർപോളിന്റെ സഹായത്തോടെ കണ്ടെത്തും. മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികളുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്യുന്നത് ശ്രദ്ധയിൽപെട്ട കേരള പൊലീസ് ഇക്കാര്യം അതാത് സംസ്ഥാനങ്ങളെയും അറിയിച്ചിട്ടുണ്ട്.
ഇൻസ്റ്രന്റ് മെസേജിംഗ് സംവിധാനങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോകൾ പലതും ഒറ്രത്തവണ കണ്ടാൽ സ്വയം ഡിലീറ്റ് ചെയ്യപ്പെടുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. അതിനാൽ ഇവ പെട്ടെന്ന് കണ്ടുപിടിക്കുക പ്രയാസം.
ദുരുപയോഗം ചെയ്യപ്പെടുന്ന രീതികൾ
നീന്തൽക്കുളങ്ങൾ, ബീച്ചുകൾ, വാട്ടർ തീം പാർക്കുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഫോട്ടോകൾ
മൊബൈൽ ഫോണിൽ എടുക്കുന്ന ചിത്രങ്ങൾ
ഗ്രൂപ്പുകളുടെ പ്രവർത്തനം
ഗ്രൂപ്പിലെ അഡ്മിൻ അജ്ഞാതനായിരിക്കും.
പ്രവേശനം നേടണമങ്കിൽ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകണം.
പണം കൊടുത്താൽ മാത്രം പ്രവേശനമുള്ള ഗ്രൂപ്പുകളുമുണ്ട്.