kayar

ചിറയിൻകീഴ്: തിരുവനന്തപുരം ജില്ലാ കയർ സംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും സംയുക്ത യോഗം കയർ അപ്പെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ കയർഫെഡ് ചെയർമാൻ അഡ്വ.എൻ സായികുമാർ അദ്ധ്യക്ഷത വഹിച്ചു. തീവ്രമായ നഷ്ടത്തിലാണ് കയർസംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും തിരുവനന്തപുരം ജില്ലയിലെ കയർ സംഘങ്ങൾക്ക് അടിയന്തിരമായി ധനസഹായം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മോട്ടോറൈസിഡ് റാട്ടുകളും ഇലക്ട്രോണിക് റാട്ടുകളും ഉപയോഗിച്ച് കയർ പിരിക്കുന്ന സമ്പ്രദായം ആലപ്പുഴ, കൊല്ലം തുടങ്ങിയ മേഖലകളിൽ വ്യാപകമായപ്പോഴും തിരുവനന്തപുരം ജില്ലയിൽ നടക്കുന്നില്ലെന്നും ഇത്തരം പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്നും ആനത്തലവട്ടം ആനന്ദൻ യോഗത്തിൽ പറഞ്ഞു.

ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് ആർ. സുഭാഷ്, കയർഫെഡ് ഭരണസമിതി അംഗം കഠിനംകുളം സാബു, കയർഫെഡ് എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്.എൽ. സജികുമാർ, വി.എസ്. മണി, കയർ ക്ഷേമനിധി ബോർഡംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ, പി. മണികണ്ഠൻ, കയർ പ്രോജക്ട് ഓഫീസർ ആർ. ഗിരീശൻ നായർ, അഴൂർ വിജയൻ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ജില്ലയിലെ 52 കയർ സംഘങ്ങളുടെയും പ്രസിഡന്റുമാരും സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.