venal

കിളിമാനൂർ: ഡിസംബർ-ജനുവരി മാസങ്ങളിലെ കൊടുംതണുപ്പിന് ശേഷം വേനൽ ആരംഭിച്ചതോടെ ഗ്രാമപ്രദേശങ്ങൾ കനത്ത ചൂടിൽ ഉരുകുന്നു. കടുത്ത ചൂട് മൂലം പകൽ സമയങ്ങളിൽ തൊഴിലിനും മറ്റ് ആവശ്യങ്ങൾക്കുമായി പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ദിവസങ്ങൾക്ക് മുമ്പ് ജലസമൃദ്ധമായിരുന്ന ഗ്രാമപ്രദേശങ്ങളിലെ ജലസംഭരണികളും വരൾച്ചയുടെ വക്കിലെത്തി. കുളങ്ങൾ, കിണറുകൾ എന്നീ സ്രോതസുകളിലും ജലം വറ്റി. കരകവിഞ്ഞൊഴുകിയിരുന്ന വാമനപുരം നദിയും, ചിറ്റാറും മെലിഞ്ഞുണങ്ങി കാൽപ്പാദത്തിനൊപ്പം ജലമായി. പഴയകുന്നുമ്മൽ, കിളിമാനൂർ, മടവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ ശുദ്ധജല പദ്ധതികളായ കുതിര തടം, കാനാറ, ഊമൻ പള്ളിക്കര കുടിവെള്ള പദ്ധതികളെല്ലാം വാമനപുരം, ചിറ്റാർ, നദികളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. നദികളിൽ ജലം വറ്റുന്നത് ജല വിതരണം തടസപ്പെടുത്തുമോ എന്ന ആശങ്ക നിലവിലുണ്ട്. പ്രദേശത്തെ വയലുകളിലെ നെൽച്ചെടികളെയും മറ്റു കൃഷികളെയും ജലദൗർലഭ്യം സാരമായി ബാധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ വേനൽ കടുക്കുമ്പോൾ ജലക്ഷാമം രൂക്ഷമാകുമോയെന്ന ആശങ്കയാണ് ജനങ്ങൾക്ക്. വാമനപുരം നദിയിൽ ബണ്ടുകളും തടയണകളും നിർമ്മിക്കുന്നത് വഴി വെള്ളത്തെ തടഞ്ഞു നിറുത്തി ഒരു പരിധി വരെ ജലക്ഷാമം കുറയ്ക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു