ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ശ്രീമദ് വിശുദ്ധാനന്ദ സ്വാമികൾക്ക് പത്മശ്രീ പുരസ്കാരം നൽകി ഇന്ത്യാ ഗവൺമെന്റ് ബഹുമാനിച്ചിരിക്കുന്നു. അതിൽ നാരായണഗുരു കുല പ്രസ്ഥാനത്തിനുള്ള അതിയായ സന്തോഷം ഏവരെയും അറിയിക്കുന്നു. അദ്ദേഹത്തെ നേരിട്ടു തന്നെ വിളിച്ച് ഞങ്ങളുടെ സന്തോഷവും അഭിനന്ദനങ്ങളും അറിയിച്ചുകഴിഞ്ഞതാണ്.
ഇതു സ്വാമിജിക്കു വ്യക്തിപരമായി കിട്ടിയ അംഗീകാരത്തോടൊപ്പം നാരായണഗുരുവിനും ഗുരുവിനെ കേന്ദ്രീകരിച്ചുള്ള ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ സിരാകേന്ദ്രമായ ശിവഗിരി മഠത്തിനും, നാരായണഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനങ്ങൾക്ക് പൊതുവേയും ലഭിച്ച അംഗീകാരമാണ്. ഗുരു സ്ഥാപിച്ച സ്ഥാപനങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചുള്ള വികസന പ്രവർത്തനങ്ങൾക്കു ലഭിച്ച അംഗീകാരമല്ല, ഗുരുവാകുന്ന ജ്ഞാനസൂര്യൻ ലോകത്തു ചൊരിഞ്ഞതും മനുഷ്യ ജീവിതത്തെ പരമമായ ഏകസത്യത്തിന്റെ വെളിച്ചത്തിൽ നയിക്കാൻ സഹായിക്കുന്നതും ഒരേ സമയം ശാസ്ത്രീയവും അനുഭൂതി പ്രധാനവും ശാശ്വതമൂല്യമുള്ളതും ആയ ജ്ഞാന പ്രകാശത്തിനു ലഭിച്ച അംഗീകാരമാണ്.
ഇതു ദേശീയതലത്തിൽ ലഭിച്ച അംഗീകാരമാണല്ലോ. ഇനി അന്തർദേശീയതലത്തിലും അംഗീകരിക്കപ്പെടും. അത്രയ്ക്ക് സാർവത്രിക സ്വഭാവമുള്ളതും സമഗ്രവും സ്വച്ഛവും അതേ സമയം സുലളിതവുമാണ് ഗുരുവിന്റെ സത്യദർശനം. കൂടുതൽ ഉത്തരവാദിത്വങ്ങൾ ശിവഗിരിമഠത്തിൽ അർപ്പിതമായിരിക്കുകയാണ്. ഗുരുവിന്റെ സത്യദർശനത്തെ ദേശീയതലത്തിൽ ജനഹൃദയങ്ങളിൽ എത്തിക്കേണ്ടിയിരിക്കുന്നു. ദേശീയതലത്തിൽ നിന്ന് അന്തർദേശീയ തലത്തിലേക്കും അത് എത്തിച്ചേരണം. ഈ ഉത്തരവാദിത്വം നിർവഹിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:
ലോകത്തിന്റെ പല ഭാഗങ്ങളിലും ഭാരതത്തിലെ പല പട്ടണങ്ങളിലും ഇപ്പോൾ ശ്രീനാരായണ ഗുരുപ്രസ്ഥാനങ്ങളുണ്ട്. അവയെല്ലാം ലോകത്തിന്റെ ഓരോ കോണിൽ കുടിയേറിപ്പാർത്തിട്ടുള്ള മലയാളികളിൽ ഒരുപ്രത്യേക സമുദായക്കാർ ഒത്തുകൂടി ഉണ്ടാക്കിയിട്ടുള്ള സ്ഥാപനങ്ങളാണ്. അവയിൽ പലതും പ്രവർത്തിക്കുന്നത് ആണ്ടിലൊരിക്കൽ ഗുരുജയന്തിയും സമാധി ദിനവും ആഘോഷിക്കാനും മറ്റവസരങ്ങളിൽ അംഗങ്ങൾക്ക് ഒത്തുകൂടി രസിക്കാനുമുള്ള വേദിയായിട്ടാണ്. അങ്ങനെയുള്ള മാനത്തിനപ്പുറത്തു പോയി, മനുഷ്യരാശിയെ ഒന്നായിക്കാണുന്നതിൽ തല്പരരായ ഏവർക്കും ഒത്തുകൂടാൻ അവസരമുണ്ടാക്കുന്നതുമായിരിക്കണം അന്തർദ്ദേശീയ സ്ഥാപനങ്ങൾ. ഏതൊരു സത്യത്തിന്റെ സ്ഫുരണങ്ങൾ മാത്രമാണോ മനുഷ്യർ ആ സത്യസ്വരൂപവും അതിന്റെ മൂല്യവും ഏവർക്കും വെളിപ്പെടുത്തിക്കൊടുക്കാൻ സാധിക്കത്തക്കവണ്ണമുള്ളതുമായിരിക്കണം അവ. അത്തരത്തിലുള്ളതാവണം അന്തർദ്ദേശീയമായ ഭാവിയിലെ വളർച്ച.
നാരായണഗുരു എന്ന വ്യക്തിയെ മുഴപ്പിച്ചു കാണിക്കുക എന്നതിനെക്കാൾ ഗുരുദർശനത്തിന്റെ സ്വച്ഛതയും ആർജ്ജവ സ്വഭാവവും ശാസ്ത്രീയതയും എടുത്തു കാണിക്കുകയാണ് വേണ്ടത്. അതാണ് ജിജ്ഞാസുക്കളെ കൂടുതൽ ആകർഷിക്കുന്നത്.
മലയാള ഭാഷയുടെയും കേരളമെന്ന ചെറു പ്രദേശത്തിന്റെയും അവിടത്തെ ജാത്യഭിമാനത്തിന്റെയും ഇടുങ്ങിയ മണ്ഡലത്തിൽ നിന്ന് രാജ്യവിശാലതയിലേക്കും ലോക വിശാലതയിലെയും ഗുരുദർശനത്തെ എത്തിക്കേണ്ടിയിരിക്കുന്നു. ദേശീയ ഭാഷകളിലേക്കും ലോക ഭാഷകളിലേക്കും ഗുരുകൃതികൾ തർജമ ചെയ്ത് താല്പര്യമുള്ളവരിൽ അത് എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടിയിരിക്കുന്നു.
ഏതെങ്കിലു ജാതിയോടും മതത്തിനോടും ഉള്ള താദാത്മ്യം നാരായണഗുരു ഉപേക്ഷിച്ചതുപോലെ ഗുരുവിന്റെ അനുയായികളും ജാതിമതങ്ങൾക്കതീതരായിത്തീരണം. അതു കേവലം മുദ്രാവാക്യങ്ങളിൽ മാത്രം ഒതുങ്ങി നിന്നാൽ പോരാ. പ്രസ്ഥാനത്തെ നയിക്കുന്നവരുടെ ജീവിതത്തിലും ചിന്തയിലും പ്രസ്ഥാനത്തിന്റെ പ്രവർത്തന ശൈലിയിലും അതു തെളിഞ്ഞു.നിൽക്കണം. 'ഒരു മതം' എന്ന ആദർശം പറയുകയും ഹിന്ദുമതാചാര പ്രകാരമുള്ള ആചാരങ്ങൾ മാത്രം അനുഷ്ഠിക്കുകയും ചെയ്യുന്നതിൽ അസാംഗത്യമുണ്ട്. പഠിപ്പിക്കുന്ന തത്വങ്ങളും അനുഷ്ഠിക്കുന്ന ആചാരങ്ങളും തമ്മിൽ എപ്പോഴും പൊരുത്തമുണ്ടായിരിക്കണം. എങ്കിൽ മാത്രമേ വിവേകമുള്ള മനുഷ്യർക്ക് ഇതു സ്വീകാര്യമായി തോന്നുകയുള്ളൂ.
വെറും സാധാരണക്കാരായ സ്ത്രീജനങ്ങളെ ധാരാളം ആകർഷിക്കാൻ മാത്രം ഉപകരിക്കുന്ന മൂഢഭക്തിയുടെ സ്ഥാനത്ത്, ദർശനമാലയിലെ ഭക്തിദർശനത്തിൽ ഗുരുതന്നെ അവതരിപ്പിച്ചിട്ടുള്ള താത്വികമായ ഭക്തി ആയിരിക്കണം എപ്പോഴും ഉണ്ടായിരിക്കേണ്ടത്.
ഗുരുവിനെ ഒരു ഈശ്വരാവതാരമായി കാണുന്നതും അതിന് ഉപോൽബലകമായി ഗുരുവിന്റെ ജീവിതത്തിൽ കാണാനിടയായിട്ടുള്ള അത്ഭുതസിദ്ധികൾക്ക് ഊന്നൽ നൽകുന്നതും 'കൾട്ടാ" യിത്തീരുന്നതിനേ ഉപകരിക്കുകയുള്ളൂ. അതേസമയം ഗുരുവിനെ ഗുരുവാക്കിയത് 'അറിവിലമർന്ന് അതു മാത്രമായിതീരുന്നതും തണ്ടാരിൽ വീണുമധുവുണ്ടാരമിക്കുമൊരു വണ്ടായിത്തീരുന്നതു'മായ പരമമായ സിദ്ധിയാണ്. ആ സിദ്ധിയുടെ ബാഹ്യമായ അടയാളങ്ങൾ മാത്രമാണ് ഗുരുവിൽ സാധാരണക്കാർ കാണാനിടയായ അത്ഭുതസിദ്ധികൾ.
ശങ്കരാചാര്യരുടെ അദ്വൈത ദർശനം മറ്റു ദാർശനിക വീക്ഷണങ്ങളെ തള്ളിപ്പറയുന്ന സ്വഭാവമുള്ളതായിരുന്നു എന്നത് പ്രസിദ്ധമാണ്. നാരായണഗുരുവിന്റെ അദ്വൈത ദർശനമാകട്ടെ സകല ദർശനങ്ങളെയും സകല മതങ്ങളെയും ഉൾക്കൊള്ളുന്ന സ്വഭാവമുള്ളതാണ്. ഒരൊറ്റ പരമസത്യത്തിന്റെ വിവിധ ദർശനമുഖങ്ങളിൽ ഊന്നിക്കൊണ്ടുള്ളതാണ് വിവിധ ദർശനങ്ങൾ. അത്തരത്തിൽ അവയെല്ലാം ആ സത്യത്തിൽ ഏകീഭവിക്കുന്നു. ഗുരുവിന്റെ ഈ സത്യദർശനത്തിലെ തനിമ ശ്രദ്ധിക്കപ്പെടാതെ പോകരുത്.
ഇത്തരത്തിൽ ശ്രീനാരായണധർമ്മ സംഘത്തിന്റെ നിവൃത്തി പ്രധാനമായ പ്രവർത്തനങ്ങൾ, അഥവാ ഫലത്തിൽ അകർമ്മമായിരിക്കേണ്ട കർമ്മങ്ങൾ, ക്രമേണ വ്യാപകത കൈവരിക്കേണ്ടതുണ്ട്. അതിനുള്ള പരിപാടികൾ തയ്യാറാക്കുമ്പോൾ പലരുടെയും സഹായം തേടേണ്ടിവരും. പരിപാടികൾക്ക് രൂപംനൽകിയിട്ട് അതു നടപ്പാക്കുന്നതിലല്ല പ്രധാനമായും ഈ ഉപദേശങ്ങൾ വേണ്ടിവരുന്നത്. പരിപാടികൾക്ക് രൂപം നൽകുന്ന കാര്യത്തിലാണ് ഉപദേശങ്ങൾ തേടേണ്ടത്.
ഇങ്ങനെ അതിസൂക്ഷ്മ സ്വഭാവമുള്ളതുകൊണ്ട് സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതും അതേ സമയം വളരെ വലുതുമായ ഒരു ഉത്തരവാദിത്വമാണ് ഇപ്പോൾ ധർമ്മ സംഘം ട്രസ്റ്റിൽ നിക്ഷിപ്തമായിരിക്കുന്നത്. അതിന്റെ ഗൗരവത്തിനൊത്ത് ധർമ്മസംഘം ട്രസ്റ്റിലെ സന്ന്യാസി സഹോദരന്മാർക്കു ഉയരുവാൻ ഇടയാകട്ടെ! തന്റെ ശിഷ്യ സംഘത്തിലുള്ളവർക്ക് ഉണ്ടായിരിക്കേണ്ടത് 'സർവ സോദരബുദ്ധയഃ (എല്ലാവരും സഹോദര ബുദ്ധിയുള്ളവർ) എന്ന മനോഭാവമാണെന്ന ഗുരു സങ്കല്പത്തിനു വീഴ്ച വരുത്താതിരുന്നാൽ, 'സാധിക്കും സകലം" എന്ന ഗുരുവചനങ്ങൾ സാധിതമായിത്തീരുമെന്ന ഉറപ്പുണ്ട്.
നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ ഭാഗത്തു നിന്ന് ഈ പ്രസ്ഥാനത്തിന്റെ സ്വഭാവത്തിനും കഴിവിനും ഒത്ത തരത്തിലുള്ള സഹായവും സഹകരണവും ഇക്കാര്യത്തിൽ എപ്പോഴും ഉണ്ടാവുകയും ചെയ്യും.
ശ്രീനാരായണ ധർമ്മ സംഘത്തിന്റെയും മറ്റു ശ്രീനാരായണ ഗുരു പ്രസ്ഥാനങ്ങളുടെയും ശ്രദ്ധ പരമമായ സത്യത്തിന്റെ സ്വരൂപവും ശാസ്ത്രീയതയും എന്തെന്നു കണ്ടെത്തുക, അത് അതതു ദേശത്ത്, അതതു കാലത്ത് മനുഷ്യ ജീവിതത്തെ അതിന്റെ എല്ലാ രംഗങ്ങളിലും നേർവഴിക്കു നയിക്കാൻ ഉപകരിക്കുന്നതെങ്ങനെയെന്നും കാണിച്ചുകൊടുക്കുക എന്നീ ഉത്തരവാദിത്വങ്ങളിലേക്കു ശ്രദ്ധ തിരിക്കുവാൻ ദേശീയ തലത്തിലുള്ള ഈ ഔദ്യോഗികാംഗീകാരം ഇടയാക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ശ്രീമദ് വിശുദ്ധാനന്ദ സ്വാമിജിക്ക് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.