alavakonam-chira

കല്ലമ്പലം: വർഷങ്ങളായി പായലും ചെളിയും നിറഞ്ഞ് കിടന്ന നാവായിക്കുളം പഞ്ചായത്തിലെ അളവാകോണം ചിറ നവീകരിച്ച് മത്സ്യകൃഷി തുടങ്ങി. വരുന്ന വേനലിനെ നേരിടുന്നതിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ലക്ഷ്യമിട്ട് വാർഡ് അംഗം സിയാദിന്റെ നേതൃത്വത്തിലാണ് കുളം ശുചീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ മൂന്നു ലക്ഷം രൂപ ചിലവിട്ട് രണ്ടാഴ്ചത്തെ ശ്രമഫലമായാണ് കുളം വൃത്തിയാക്കിയത്. സമീപ സ്ഥലം മുഴുവൻ കയർ കൊണ്ടുള്ള ഭൂവസ്ത്രം വിരിച്ച് കുളത്തിൽ മത്സ്യകൃഷിയും തുടങ്ങി. ഒരുകാലത്ത് പ്രദേശത്തെ ഗാർഹികവും ഗാർഹികേതരവുമായ ആവശ്യങ്ങൾക്ക് വലിയ പങ്കു വഹിച്ച കുളം കഴിഞ്ഞ ഏതാനും വർഷങ്ങളായി പായലും മാലിന്യങ്ങളും നിറഞ്ഞ് ഉപയോഗശൂന്യമായ നിലയിലായിരുന്നു. കുളം നവീകരിക്കുന്നതോടെ അടിയൊഴുക്ക് കൂടുകയും അതിലൂടെ ജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. വിജയകരമായാൽ വ്യാവസായികമായി മത്സ്യകൃഷി തുടരാനും പദ്ധതിയുണ്ട്. മത്സ്യകൃഷിയുടെ ഉദ്‌ഘാടനം വാർഡ് അംഗം സിയാദ് നിർവഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികളും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.