തിരുവനന്തപുരം: ഇടതു സർക്കാർ അധികാരത്തിലെത്തിയശേഷം കഴിഞ്ഞ മൂന്നുവർഷത്തിനിടെകെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തുനിന്ന് മാറിയത് നാലുപേർ. കഴിഞ്ഞ ദിവസം ടോമിൻ തച്ചങ്കരിയെ മാറ്റി പുതിയ എം.ഡിയായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഡി.ഐ.ജി എം.പി ദിനേശിനെ നിയമിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹം ചുമതലയേൽക്കും. എന്നാൽ, വരുന്ന മേയിൽ അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കും. അതോടെ പുതിയ എം.ഡിയെ വീണ്ടും കണ്ടെത്തേണ്ടി വരും. അല്ലെങ്കിൽ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകണം.
സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ കെ.എസ്.ആർ.ടി.സിയുടെ സ്വന്തം വരുമാനത്തിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുംവിധം കോർപ്പറേഷനെ സാമ്പത്തിക ഭദ്രതയിലേക്ക് നയിച്ചുകൊണ്ടിരിക്കെയാണ് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയെ മാറ്റിയത്. സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി ടോമിൻ തച്ചങ്കരി അധിക ചുമതലയായാണ് കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനം വഹിച്ചിരുന്നത്. തച്ചങ്കരി നടപ്പാക്കിയ പരിഷ്കാരങ്ങൾ പലതും തൊഴിലാളി യൂണിയനുകളുടെ എതിർപ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. അതിനൊടുവിലാണ് സ്ഥാനചലനം എന്നതും ശ്രദ്ധേയം. പുതിയ എം.ഡി ചുമതലയേൽക്കുമ്പോൾ തച്ചങ്കരി തുടങ്ങിവച്ച പരിഷ്കരണ നടപടികൾ തുടരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
മാറിമാറി വന്ന എം.ഡിമാർ
ആന്റണി ചാക്കോ: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച ആന്റണി ചാക്കോയാണ് ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ എം.ഡി സ്ഥാനത്ത് ഉണ്ടായിരുന്നത്. മൂന്നുകൊല്ലം അദ്ദേഹം എം.ഡി കസേരയിലുണ്ടായിരുന്നു. അദ്ദേഹം വിരമിച്ചപ്പോഴാണ് പുതിയ എം.ഡിയെ നിയമിച്ചത്.
എം.ജി.രാജമാണിക്യം: ആന്റണി ചാക്കോയുടെ പിൻഗാമിയായിട്ടാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജമാണിക്യം എത്തിയത്. ഒരു കൊല്ലം മാത്രമാണ് അദ്ദേഹം ആ സ്ഥാനത്ത് ഉണ്ടായിരുന്നത്. കെ.എസ്.ആർ.ടി.സിയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ അദ്ദേഹത്തിനായി. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ ടെൻഡർ വിളിക്കാതെ സ്വകാര്യ കമ്പനിയിൽ നിന്ന് വാങ്ങാനും ഡിപ്പോകളിൽ ഹോർഡിംഗ്സുകൾ വയ്ക്കാനുള്ള കരാർ നിലവിലുള്ളയാൾക്ക് പുതുക്കി നൽകാനുമുള്ള തീരുമാനങ്ങളെ എതിർത്തതിന്റെയും സ്വകാര്യ ബസുടകളുടെ സ്വാധീനത്തിന് വഴങ്ങാത്തതിന്റെയും പേരിലായിരുന്നു സ്ഥാനചലനമെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ.
എ.ഹേമചന്ദ്രൻ: സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥനും ഡി.ജി.പിയുമായ ഹേമചന്ദ്രനെയാണ് തുടർന്ന് എം.ഡിയായി നിയമിച്ചത്. പക്ഷേ, ആറുമാസമേ അദ്ദേഹം തുടർന്നുള്ളൂ. പിന്നീട് അദ്ദേഹത്തെ ഫയർഫോഴ്സ് മേധാവിയായി നിയമിച്ചു. കെ.എസ്.ആർ.ടി.സിക്ക് ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് 3200 കോടിയുടെ വായ്പ തരപ്പെടുത്താൻ പ്രയത്നിച്ചത് അദ്ദേഹമാണ്. ഡ്യൂട്ടി പരിഷ്കരണത്തിലൂടെ സർവീസുകൾ കാര്യക്ഷമമാക്കാനുള്ള നടപടികളും നടത്തി.
ടോമിൻ തച്ചങ്കരി: 2018 ഏപ്രിലിലാണ് തച്ചങ്കരി എം.ഡി സ്ഥാനത്തെത്തുന്നത്. ഒമ്പതര മാസമാണ് അദ്ദേഹം ആ കസേരയിലിരുന്നത്. മാർക്കറ്റ് ഫെഡ്, കേരള ബുക്ക്സ് ആന്റ് പബ്ളിഷിംഗ് സൊസൈറ്റി, കൺസ്യൂമർ ഫെഡ് തുടങ്ങി നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങളെ ലാഭത്തിലാക്കിയ പ്രവർത്തന മികവോടെയാണ് അദ്ദേഹം ഇവിടെ എത്തിയത്. സ്ഥാപനത്തെ ലാഭത്തിലാക്കാൻ അദ്ദേഹം പല പരിഷ്കരണ നടപടികളും നടപ്പാക്കി.