കാട്ടാക്കട: പൂവച്ചൽ,കാട്ടാക്കട പഞ്ചായത്ത് പ്രദേശങ്ങളിൽ വഴിവാണിഭങ്ങൾ പൊടിപൊടിക്കുമ്പോൾ ദുരിതത്തിലാകുന്നത് കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവരാണ്. ഇതുകാരണമുണ്ടാകുന്ന ഗതാഗതക്കുരുക്കിനെത്തുടർന്ന് കാട്ടാക്കട കടന്നുകിട്ടാൻ മണിക്കൂറുകളാണ് ആളുകൾക്ക് പാഴാക്കേണ്ടിവരുന്നത്. ഇവിടത്തെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ ജില്ലാ ഭരണകൂടം ഇടപെട്ട് വർഷങ്ങൾക്ക് മുൻപ് കാട്ടാക്കട പട്ടണത്തിലെയും പരിസങ്ങളിലേയും റോഡുവക്കുകളിലുള്ള വഴിവാണിഭക്കാരെ ഒഴിപ്പിച്ചിരുന്നു. എന്നാൽ, അന്ന് ഒഴിപ്പിച്ചവരൊക്കെ വീണ്ടും ഇപ്പോൾ ഇവിടെ തിരിച്ചെത്തുകയാണ്.

മൽസ്യം,പഴം, പച്ചക്കറി,തുണി തുടങ്ങിയ വില്പനക്കാർ വരെ റോഡിലാണ്. മത്സ്യമാംസാവശിഷ്ടങ്ങൾ കാരണം ഇപ്പോൾ മൂക്ക് പൊത്തിയേ ഇതുവഴി നടക്കാൻ കഴിയൂ. തെരുവ് നായ്ക്കളും കൂടിയെത്തുന്നതോടെ വഴിയാത്രാക്കാർ പലപ്പോഴും ബുദ്ധിമുട്ടിലാകും.

ഗതാഗതക്കുരുക്ക് ഏറിയതോടെ പലപ്പോഴും ആംബുലൻസുകളും ഫയർഫോഴ്സും ഏറെ നേരം ഇവിടെ അകപ്പെട്ടുപോകുന്നതും പതിവാണ്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ നെയ്യാർഡാം, കോട്ടൂർ ആനസഫാരി പാർക്ക് എന്നിവിടങ്ങളിലേക്ക് കാട്ടാക്കട വഴിയാണ് കടന്നുപോകേണ്ടത്. പ്രധാന മാർക്കറ്റ് ദിവസങ്ങളായ തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഏറെ ബുദ്ധിമുട്ട്. യാത്രാതടസം മാത്രമല്ല, ട്രഷറി ജംഗ്ഷൻ മുതൽ മാർക്കറ്റ് വരെയുള്ള അനധികൃത വഴിവാണിഭങ്ങൾ അപകടങ്ങളുമുണ്ടാക്കുന്നുണ്ട്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് എത്തുന്ന നാഷണൽ പെർമിറ്റ് ലോറിയിലെ ചരക്കിറക്കും കൂടിയാകുമ്പോൾ കുരുക്ക് രൂക്ഷമാകും.

 പദ്ധതികൾ ഉറക്കത്തിലാണ്

മുൻപ് കാട്ടാക്കടപട്ടണം സൗന്ദര്യ വത്കരിക്കുന്നതിന്റെ ഭാഗമായി തീരുമാനിച്ച പദ്ധതികളും ഫയലിൽ ഉറങ്ങുകയാണ്. ആർക്ക് വേണമെങ്കിലും റോഡിൽ തട്ട് കെട്ടി കച്ചവടം ചെയ്യാമെന്ന അവസ്ഥയാണിപ്പോൾ.