ആറ്റിങ്ങൽ: വാമനപുരം നദിയിലെ കുടിവെള്ള പദ്ധതികളിൽ ജലത്തിന്റെ അഭാവം പരിഹരിക്കാനായി മണൽചാക്കുകൾ ഉപയോഗിച്ച് പൂവൻപാറയിലെ തടയണയുടെ ഉയരം കൂട്ടിയിട്ടും ഫലവത്തായില്ല. ഉയരം കൂട്ടിയ ഭാഗത്ത് ചാക്കുകൾക്കിടയിലൂടെ ജലം കുത്തി ഒഴുകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.നദിയിൽ ജലനിരപ്പ് ക്രമാതീതമായി കുറയാൻ തുടങ്ങിയപ്പോഴാണ് വാട്ടർ അതോറിട്ടി അധികൃതരുടെ നേതൃത്വത്തിൽ തടയണയ്ക്ക് ഉയരം കൂട്ടിയത്. രണ്ടാഴ്ച മുമ്പാണ് നടപടികൾ പൂർത്തിയാക്കിയത്. സ്ഥിരം തടയണയുടെ മുകളിൽ 70 സെന്റിമീറ്റർ ഉയരത്തിൽ മണൽചാക്ക് അടുക്കിയാണ് ഉയരം കൂട്ടിയത്. വെള്ളം ഉയർന്നതോടെ പലയിടത്തും മണൽച്ചാക്കുകൾക്കിടയിലൂടെയും അടിയിലൂടെയും വെള്ളം ചെറുതായി പൊട്ടി ഒഴുകിയിരുന്നു. ഇത് ശക്തമായ ഒഴുക്കായി ഇപ്പോൾ മാറിയിരിക്കുകയാണ്. തടയണ ഉയർത്തിയതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.നദിയിൽ പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതികൾക്ക് ജലലഭ്യത ഉറപ്പ് വരുത്തുന്നതിനായാണ് തടയണയുടെ ഉയരംകൂട്ടിയത്. 2017ൽ നദി പൂർണമായി വറ്റിയിരുന്നെങ്കിലും കുഴികളിൽ നിന്ന് പ്രത്യേകം പമ്പുകൾ വച്ച് പദ്ധതികളിലേക്ക് വെള്ളമെത്തിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം മുന്നിൽക്കണ്ടായിരുന്നു അധികൃതർ തടയണ ഉയർത്താൻ നടപടി സ്വീകരിച്ചത്. കഴിഞ്ഞ വർഷവും ഇതുപോലെ തടയണ ഉയർത്തിയിരുന്നു. അത് വിജയപ്രദമായിരുന്നു. എന്നാൽ ഇക്കുറി നിർമ്മാണത്തിലെ അപാകത കാരണം പദ്ധതി തകിടം മറിയുകയായിരുന്നു.പമ്പു ഹൗസുകളിൽ ജല ദൗർലഭ്യം കുറയ്ക്കാനാണ് പൂവമ്പാറയിൽ തടയണ നിർമ്മിക്കാൻ പദ്ധതി ആവിഷ്കരിച്ചത്. 3.4 മീറ്റർ ഉയരത്തിൽ തടയണ നിർമ്മിക്കാനാണ് ആദ്യം പദ്ധതിയിട്ടത്. എന്നാൽ പ്രദേശം വെള്ളത്തിൽ മുങ്ങാൻ ഇടയുണ്ടെന്ന് സംശയിച്ച് ജനങ്ങൾ പ്രതിഷേധിച്ചതോടെ ഉയരം 2.7 മീറ്ററായി കുറച്ചു. ഡാം ഇല്ലാത്ത വാമനപുരം നദിയിൽ ഉയരമുള്ള തടയണയെങ്കിലും നിർമ്മിക്കാൻ കഴിഞ്ഞില്ലെങ്കിൽ ചിറയിൻകീഴ്, വർക്കല താലൂക്കുകൾ പൂർണമായും കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തുമോയെന്നാണ് നിലവിലുള്ള ആശങ്ക. താത്കാലിക തടയണയിലെ ചോർച്ച പരിഹരിക്കാനുള്ള നടപടികളുണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.