കണ്ണൂർ: ശ്രീനാരായണ ഗുരുദേവന്റെ ജനനം മുതൽ മഹാസമാധി വരെ നീളുന്ന ഇതിഹാസ ജീവിതകഥയിലെ സുപ്രധാന മുഹൂർത്തങ്ങളെ കോർത്തിണക്കി കൗമുദി ടി.വി ഒരുക്കുന്ന 'മഹാഗുരു' മെഗാ പരമ്പരയുടെ ട്രെയ്ലർ റോഡ് ഷോ ഇന്ന് കാസർകോട്ട് സമാപിക്കും. ഇന്നലെ കണ്ണൂർ ജില്ലയിൽ അര മണിക്കൂർ ദൈർഘ്യമുള്ള ട്രെയ്ലർ ഷോയ്ക്ക് ഇരിട്ടിയിലാണ് തുടക്കം കുറിച്ചത്. എസ്.എൻ.ഡി.പി യോഗം ഇരിട്ടി യൂണിയന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പാനൂർ യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ഗുരുസന്നിധിയിലും തലശ്ശേരി ജൂബിലി കോംപ്ലക്സ് പരിസരത്ത് തലശ്ശേരി യൂണിയനും സ്വീകരണമൊരുക്കി. തലശേരിയിൽ സ്വീകരണം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ നഗരത്തിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു വരവേല്പ്.
തളിപ്പറമ്പ് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള സ്വീകരണത്തോടെ നടുവിലിൽ ഇന്നലെ സമാപനമായി. ഇന്ന് തൃക്കരിപ്പൂർ ടൗണിലാണ് കാസർകോട് ജില്ലയിലെ ആദ്യ സ്വീകരണം. സ്വാമി പ്രേമാനന്ദ ഉദ്ഘാടനം നിർവഹിക്കും. തൃക്കരിപ്പൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ പി.ടി.ലാലു, കൺവീനർ കെ.കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംബന്ധിക്കും. രാവിലെ 11.15ന് ഹോസ്ദുർഗ് യൂണിയന്റെ നേതൃത്വത്തിലുള്ള സ്വീകരണം കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ നഗരസഭ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30ന് ഉദുമ യൂണിയന്റെ ആഭിമുഖ്യത്തിലുള്ള സ്വീകരണം പാലക്കുന്നിൽ നടക്കും. പാലക്കുന്ന് ഭഗവതി ക്ഷേത്രം മുൻ പ്രസിഡന്റ് സി.എച്ച്.നാരായണൻ ഉദ്ഘാടനം നിർവഹിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഒപ്പുമര ചുവട്ടിൽ ഒരുക്കുന്ന വരവേല്പ് എസ്.എൻ.ഡി.പി യോഗം ഡയറക്ടർ അഡ്വ.പി.കെ. വിജയനും റിട്ട. ആയുർവേദ ഡി.എം.ഒ ഡോ.എ.വി. സുരേഷും ചേർന്ന് ഉദ്ഘാടനം ചെയ്യും. പരപ്പ ടൗണിലാണ് സമാപനം. വൈകിട്ട് 5.30ന് വെള്ളരിക്കുണ്ട് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വരവേല്പ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജൻ ഉദ്ഘാടനം ചെയ്യും.