bike-accident-in-trivandr

കുളത്തൂർ: മകന്റെ രണ്ടാം പിറന്നാൾ ആഘോഷിച്ച് മണിക്കൂറുകൾക്കകം യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. കുളത്തൂർ എസ്.എൻ നഗർ വടക്കതിൽ വീട്ടിൽ ജയചന്ദ്രൻ - സതി ദമ്പതികളുടെ മകൻ അനുവാണ് (32) മരിച്ചത്. പിറന്നാൾ ആഘോഷത്തിനെത്തിയ സുഹൃത്ത് അശ്വതി നഗറിൽ സജിയെ അപകടത്തിൽ ഗുരുതര പരിക്കുകളോടെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10.30ന് കഴക്കൂട്ടം ഹൈവേ ജംഗ്ഷനിൽ ഗുരുപ്രിയ ജുവലറിക്ക് സമീപമായിരുന്നു അപകടം. അനുവിന്റെ ഏകമകൻ അഥർവ്വിന്റെ രണ്ടാം പിറന്നാളായിരുന്നു ഇന്നലെ. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷത്തിനുശേഷം സുഹൃത്തിന്റെ ബൈക്കിൽ പെട്രോൾ അടിക്കാനായി ഇവർ ജംഗ്ഷനിലേക്ക് പോയി. പെട്രോൾ അടിച്ചശേഷം തിരികെ വരും വഴി ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തെറിച്ച് റോഡിൽ വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും അനു മരണപ്പെട്ടു.

വെൽഡിംഗ് തൊഴിലാളിയായിരുന്ന അനു അടുത്തകാലത്തായി ഇലക്ട്രീഷ്യനായി ജോലി നോക്കി വരികയായിരുന്നു. മൃതദേഹം പോസ്റ്റുമോ‌ർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജയലക്ഷ്മിയാണ് ഭാര്യ. പരേതനായ അനൂപ് സഹോദരനാണ്. ബൈപ്പാസിൽ ബാർബർഷോപ്പും ബ്യൂട്ടി പാർലറും നടത്തുകയാണ് സജി. കഴക്കൂട്ടം പൊലീസ് കേസെടുത്തു.