തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തുനിന്ന് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയെ തെറിപ്പിച്ചതിന് പിന്നിൽ ഡയറക്ടർ ബോർഡംഗങ്ങളിൽ ചിലരെ മാറ്റണമെന്ന് ആവശ്യപ്പെട്ടതും കാരണമായെന്ന് സൂചന. മുൻ യൂണിയൻ നേതാക്കളായ ചില ഡയറക്ടർ ബോർഡംഗങ്ങളെ മാറ്റി പ്രൊഫഷണൽ അംഗങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുന:സംഘടിപ്പിക്കണമെന്ന് തച്ചങ്കരി സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഇവരെ ഒഴിവാക്കുന്നതിൽ എതിർപ്പ് ഉയർന്നിരുന്നു. ഇതും തച്ചങ്കരിയുടെ സ്ഥാനചലനത്തിന് പിന്നിലെ ഒരു കാരണമായി പറയപ്പെടുന്നു.
ഇതുകൂടാതെ സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷനിൽ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ പേരിൽ യൂണിയൻകാരുടെ കണ്ണിലെ കരടായി മാറിയതും കാരണമായി. പുതിയ ജി.പി.എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകൾ വാങ്ങാനുള്ള ടെൻഡറിൽ ബംഗളൂരുവിലെ മൈക്രോ എഫ്. എക്സ് കമ്പനിയെ ഉൾപ്പെടുത്താത്തതിനെചൊല്ലി മന്ത്രിയുമായുണ്ടായ അഭിപ്രായഭിന്നതയും തച്ചങ്കരിയുടെ സ്ഥാനചലനത്തിന് പിന്നിലെ രഹസ്യമെന്നാണ് ജീവനക്കാർക്കാർക്കിടയിലെ സംസാരം.
എം.ഡിയുൾപ്പെടെ 9 ഒഫീഷ്യൽ അംഗങ്ങളും 8 അനൗദ്യോഗിക അംഗങ്ങളുമുൾപ്പെടെ 17 അംഗ ഡയറക്ടർ ബോർഡാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. രാഷ്ട്രീയ പാർട്ടികൾ നോമിനേറ്റ് ചെയ്യുന്നവരാണ് അനൗദ്യോഗിക അംഗങ്ങളുടെ പട്ടികയിൽപ്പെടുക. പ്രൊഫഷണൽ യോഗ്യതകളില്ലാത്തവരാകും മിക്കപ്പോഴും അനൗദ്യോഗിക അംഗങ്ങളായി വരിക. സുശീൽഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിന് മുന്നോടിയായി ഡയറക്ടർ ബോർഡിൽ പ്രൊഫഷണൽ യോഗ്യതകളുള്ളവരെ മാത്രം ഉൾപ്പെടുത്താൻ ശ്രമവുമുണ്ടായി.
മതിയായ യോഗ്യതയില്ലാത്ത ഡയറക്ടർ ബോർഡംഗങ്ങളെ പിരിച്ചുവിടണമെന്ന് മുൻ എം.ഡി ഹേമചന്ദ്രനും സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. തച്ചങ്കരിയും ഇതേ ആവശ്യം സർക്കാരിന് മുന്നിൽവച്ചു. കെ.എസ്.ആർ.ടി.സി യെ ലാഭകരമാക്കാനും ബിസിനസ് മാനേജ് മെന്റ് വൈദഗ്ധ്യമുള്ള സ്ഥാപനമായി വളർത്തിയെടുക്കുന്നതിനും എം.ഡിയെടുക്കുന്ന തീരുമാനങ്ങൾക്ക് ഡയറക്ടർബോർഡിന്റെ അംഗീകാരം വേണം. മൂന്നുമാസത്തിലൊരിക്കൽ ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ പലപ്പോഴും എം.ഡി ഒഴികെ ഔദ്യോഗിക അംഗങ്ങളിൽ പലരും പങ്കെടുക്കാറില്ല. പരിഷ്കാരനിർദേശങ്ങളെച്ചൊല്ലി അനൗദ്യോഗിക അംഗങ്ങളും എം.ഡിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഡയറക്ടർ ബോർഡിലെ അനൗദ്യോഗിക അംഗങ്ങളെയോ അല്ലെങ്കിൽ തന്നെയോ മാറ്റണമെന്ന് ശുപാർശ ചെയ്തതിന് പിന്നാലെയാണ് തച്ചങ്കരിയെ മാറ്റിയത്.