d
തുണിയിൽ തയ്‌ച്ചെടുത്ത സഞ്ചിയും പേഴ്‌സും പെൻസിൽ പൗച്ചും

തിരുവനന്തപുരം: പ്രളയബാധിതരുടെ ക്യാമ്പുകളിലേക്ക് പുതിയ വസ്ത്രങ്ങളേ സ്വീകരിക്കൂ എന്നായപ്പോൾ മോഹനകുമാറിന്റെയും ശ്രീലേഖയുടെയും കൈയിൽ പഴയ കുറേ സാരികൾ ബാക്കിയായി. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘം ചേർന്ന് പലേടത്തു നിന്ന് ശേഖരിച്ചതാണ്. ഇനിയിപ്പോൾ എന്തു ചെയ്യും? സാരി കൊണ്ട് ഡിസൈനർ സഞ്ചികൾ തുന്നിയാലോ? ആ പരീക്ഷണം ക്ളിക്കായി.

പട്ടം പ്ളാമൂട്ടിൽ കശുഅണ്ടി വികസന കോർപറേഷന്റെയും കാപ്പക്സിന്റെയും ഉത്പന്നങ്ങൾ വില്ക്കുന്ന സ്ഥാപനം നടത്തുകയാണ് കൊല്ലം ഉളിയക്കോവിൽ സ്വദേശികളായ മോഹനകുമാറും ഭാര്യ ശ്രിലേഖയും. കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് 'സാരിസഞ്ചി' ഫ്രീ ആയി നൽകി. എല്ലാവരും ഹാപ്പി. പഠിപ്പിച്ചുകൊടുക്കമോ എന്നായി ചിലർ. വീട്ടിൽ സ്വന്തം തയ്യൽ മെഷീൻ ഉണ്ടെങ്കിൽ സാരിയിൽ നിന്ന് സഞ്ചി നിർമിക്കുന്ന വിദ്യ പറഞ്ഞുതരാൻ ശ്രീലേഖ റെഡി. വീട്ടിൽ ഒരു വർഷത്തെ ആവശ്യത്തിനുള്ള സഞ്ചി തയ്പിച്ചെടുക്കാൻ ആകെ ഇത്രയും മതി: ഒരു പഴയ സാരി, നൂറു രൂപ. പിന്നെ, പ്ളാസ്റ്റിക് ക്യാരിബാഗ് കൈകൊണ്ടു തൊടില്ല എന്ന പ്രതിജ്ഞയും. സഞ്ചി മാത്രമല്ല, ലേഡീസ് പഴ്സ്, കുട്ടികൾക്കായി പെൻസിൽ പൗച്ച്... അങ്ങനെ പുതിയ മേഖലകളിലേക്കും ശ്രീലേഖയുടെ കരവിരുത് കടന്നുകഴിഞ്ഞു.

‌ഡിസൈനർ സഞ്ചി കിട്ടിയവരിൽ ചിലരാണ് പ്ളാസ്റ്റിക്കിനോടു പൊരുതാൻ ഇതൊരു ആയുധമാക്കിക്കൂടേ എന്നു ചോദിച്ചത്. ശരിയാണെന്നു തോന്നി. മാസം പത്ത് പ്ളാസ്റ്റിക് സഞ്ചിയെങ്കിലും ഓരോ വീട്ടിലുമെത്തും. പ്ളാസ്റ്റിക് കത്തിക്കുമ്പോഴത്തെ പുക ശ്വസിക്കുന്നത് കാൻസറിനു വരെ കാരണമാകും. അലിഞ്ഞു ചേരാതെ മണ്ണിൽക്കിടന്ന് വിഷമാകും. അങ്ങനെ മോഹനകുമാറും ശ്രീലേഖയും ചേർന്ന് അതൊരു ദൗത്യമായി ഏറ്റെടുത്തു. പ്ളാസ്റ്റിക് പടിക്കു പുറത്ത്!

പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് ബദൽ എന്ന ആശയവുമായി തുണിസഞ്ചി പ്രചരിപ്പിക്കണമെന്ന നിവേദനവുമായി മോഹനകുമാർ മുഖ്യമന്ത്രിയെ കണ്ടു. പദ്ധതിയുടെ സാധ്യത പഠിക്കാൻ ഹരിത കേരള മിഷനെ സർക്കാർ ചുമതലപ്പെടുത്തിയതായി മോഹനകുമാർ പറയുന്നു.