പുനരധിവാസത്തിന് കേന്ദ്ര ഫണ്ട് കിട്ടിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരായ മുഴുവൻ പേർക്കും സഹായം നൽകുന്നില്ലെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്.
മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ മൂവായിരം പേരുടെ പട്ടിക നൽകിയെങ്കിലും 257 പേർക്കു മാത്രമാണ് ആനുകൂല്യം ലഭിച്ചതെന്നും, പുനരധിവാസം ശാസ്ത്രീയമല്ലെന്നും വൗക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ദുരിതബാധിതരായ മുഴുവൻ പേർക്കും അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും അതനുസരിച്ചുള്ള സഹായം ആർക്കും നൽകിയില്ല. ഹർത്താൽ ദിവസം നടന്ന മെഡിക്കൽ പരിശോധനയ്ക്ക് എത്താൻ മുഴുവൻ പേർക്കും കഴിഞ്ഞില്ല. അവർക്കു വീണ്ടും അവസരം നൽകിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എൻ.എ. നെല്ലിക്കുന്നാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്.
എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് ക്രിയാത്മക സമീപനമാണുള്ളതെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ മറുപടി പറഞ്ഞു. കാസർകോട് മുളിയാർ വില്ലേജിൽ 62 കോടി ചെലവിൽ പുനരധിവാസ ഗ്രാമം നിർമ്മിക്കും. ദുരിതബാധിതർക്കായി നടപ്പാക്കുന്ന 233 സാമൂഹ്യസേവന പദ്ധതികളിൽ 197 എണ്ണം പൂർത്തിയായിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റവന്യൂ മന്ത്റി അദ്ധ്യക്ഷനും ജില്ലാ കളക്ടർ കൺവീനറുമായി സെൽ പ്രവർത്തിക്കുന്നുണ്ട്.
വിവിധ മെഡിക്കൽ കോളേജുകളിലെ 11 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ പാനലാണ് പരിശോധന നടത്തി അർഹരുടെ പട്ടിക തയ്യാറാക്കുന്നത്. ലിസ്റ്റിൽ ഉൾപ്പെടാത്തവരെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും. ആവശ്യമെങ്കിൽ പട്ടികയിൽ കൂട്ടിച്ചേർക്കൽ വരുത്തും. ഇടതുസർക്കാർ 363 പേരുടെ പട്ടിക അംഗീകരിച്ചു. പരാതികളുണ്ടായപ്പോൾ പുനഃപരിശോധനയ്ക്കു ശേഷം 11 പേരെ കൂട്ടിച്ചേർത്തു. നിലവിൽ 6212 പേരാണ് ദുരിതബാധിതരുടെ പട്ടികയിലുള്ളത്.
ദുരിതബാധിതർക്ക് പരമാവധി സഹായമാണ് സർക്കാർ നൽകിയിട്ടുള്ളതെന്നും, അത് എല്ലാവരിലും എത്തിക്കുന്നതിലെ കുറവുകൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂർണമായി കിടപ്പിലായവർക്ക് അഞ്ചു ലക്ഷം, ശാരീരിക വൈകല്യമുള്ളവർക്ക് മൂന്നു ലക്ഷം എന്നിങ്ങനെയാണ് നഷ്ടപരിഹാരത്തുക. ഇതിനുള്ള കേന്ദ്ര സഹായം ലഭിക്കാത്തത് പുനരധിവാസത്തിന് തടസമാണ്. ദുരിതബാധിതരുടെ കടം എഴുതിത്തള്ളുന്നത് സംബന്ധിച്ച് ജില്ലാ കളക്ടർ അദ്ധ്യക്ഷനായ സമിതി നടപടിയെടുക്കുന്നുണ്ട്. 50,000 രൂപ വരെയുള്ള വായ്‌പകൾ എഴുതിത്തള്ളാൻ 2.17 കോടിയും മൂന്നു ലക്ഷം വരെയുള്ള കടബാദ്ധ്യതകൾ എഴുതിത്തള്ളാൻ 4.63 കോടിയും അനുവദിച്ചതായും മുഖ്യമന്ത്രി വിശദീകരിച്ചു.