editors-pick-

ഞാനും എന്റെ ആത്മമിത്രം താണുപിള്ളയും ആദ്ധ്യാത്മികാനുഭവമുള്ള ഗുരുക്കന്മാരെ തേടിനടന്ന ഒരു കാലമുണ്ടായിരുന്നു. 1970 കളുടെ മദ്ധ്യത്തോടെയാണ് ഇൗ അന്വേഷണം തീവ്രമായിത്തീർന്നത്. എത്രയോ ആശ്രമങ്ങളിൽ പോയി; എത്രയോ ഗുരുക്കന്മാരെ കണ്ടു. പലരും കടുത്ത ധാർഷ്ട്യമുള്ളവരായിരുന്നു. അങ്ങനെ അല്ലാത്തവരെയും കണ്ടിട്ടുണ്ട്. തികഞ്ഞ സ്നേഹത്തോടെ പെരുമാറിയ ചിലരുടെ മുഖങ്ങൾ ഒാർമ്മയിൽ തെളിയുന്നു.

എന്നാൽ ഇൗ കണ്ട ഗുരുക്കന്മാരിൽ നിന്ന് ആദ്ധ്യാത്മികതയുടെ ഒരു ചെറുസ്പർശം പോലും എനിക്ക് ലഭിച്ചില്ല. പലർക്കും പുസ്തകജ്ഞാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പല ആശ്രമങ്ങളും തടവറകൾ പോലെയോ ചിത്തരോഗാശുപത്രികൾ പോലെയോ ആണ് എനിക്ക് അനുഭവപ്പെട്ടത്. ഇവിടങ്ങളിൽ എന്റെ ഉത്‌കണ്ഠകളും സംശയങ്ങളും സംഘർഷങ്ങളും അടങ്ങുകയല്ല, മറിച്ച് ആളിക്കത്തുകയാണ് ചെയ്തത്.

അങ്ങനെയിരിക്കെയാണ്, ഞാൻ മഹാവേദാന്തിയും സ്ഥിതപ്രജ്ഞനുമായ പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ സാറിനെ കണ്ടെത്തുന്നത്. ആദ്യദർശനത്തിൽത്തന്നെ സാറിൽ രമണ മഹർഷിയെയാണ് കണ്ടത്. ആ മുഖത്ത് സദാ സഹജമായ ഒരു ശാന്തതയുണ്ടായിരുന്നു. അത് പുറമേ നിന്നു വരുന്നതായിരുന്നില്ല. ഉള്ളിൽനിന്ന് വരുന്ന പ്രശാന്തിയായിരുന്നു അത്. സാറിന്റെ അടുത്തിരിക്കുമ്പോൾ ആ ശാന്തി നിസാരനായ എന്നിലേക്കും സംക്രമിച്ചിരുന്നു. ഇൗ അനുഭവം എനിക്ക് മറ്റൊരിടത്തുനിന്നും കിട്ടാത്തതായിരുന്നു. സാറിന്റെ ഒാരോ വാക്കും ആത്മാനുഭവത്തിൽ നിന്നുവരുന്നതായിരുന്നു. ആ മഹാഗുരുവിന്റെ അകവും പുറവും സുതാര്യമായിരുന്നു. ആ മഹാഗുരു കാലദേശങ്ങളുടെയോ സുഖദുഃഖങ്ങളുടെയോ നിഴൽ വീഴാത്ത ശുദ്ധബോധമായിരുന്നു.

സുതാര്യമായ ഒരു വ്യക്തിത്വത്തിൽ നിന്നുമാത്രമേ, ഇങ്ങനെയൊരു ആന്തരികശാന്തി നമ്മിലേക്ക് പ്രസരിക്കുകയുള്ളൂ. ഒരു സത്യാന്വേഷി താൻ ശുദ്ധബോധമാണെന്നറിയുന്ന നിമിഷം സർവചരാചരങ്ങളെയും സ്നേഹിച്ചുതുടങ്ങുന്നു. ശരീരവും മനസും ചിന്തയും കർമ്മവുമെല്ലാം സുതാര്യമായിത്തീരുന്നു. കാലദേശങ്ങൾ മറഞ്ഞുപോകുന്നു. താൻ അനുഭവിക്കുന്ന അക്ഷയമായ പ്രശാന്തി ചുറ്റുമുള്ളവരിലേക്കും സമസ്ത പ്രപഞ്ചങ്ങളിലേക്കും സംക്രമിക്കുന്നു. ശ്രീരാമകൃഷ്ണ പരമഹംസർ, ശ്രീ രമണ മഹർഷി, ശ്രീനാരായണഗുരു, നിസർഗദത്ത മഹാരാജ് തുടങ്ങിയ മഹാജ്ഞാനികളുടെ അകവും പുറവും സുതാര്യമാണ്. അവർ അറിവായി ജ്വലിക്കുന്നു. അവരിൽനിന്നു നമ്മിലേക്ക് ശാന്തിയും കാരുണ്യവും സ്നേഹവും പ്രവഹിക്കുന്നു.

ബ്രിട്ടീഷ് പത്രപ്രവർത്തകനും എഴുത്തുകാരനും സത്യാന്വേഷിയുമായ ഡോ. പോൾ ബ്രണ്ടൻ ആദ്യമായി രമണ മഹർഷിയെ കണ്ടപ്പോൾ ഉണ്ടായ അനുഭവം ഇങ്ങനെ വിവരിക്കുന്നു: "മഹർഷിയുടെ സാന്നിദ്ധ്യത്തിൽ നാം സുരക്ഷിതത്വവും ആന്തരിക ശാന്തിയും അനുഭവിക്കുന്നു. മഹർഷിയിൽ നിന്നു പുറപ്പെടുന്ന ആദ്ധ്യാത്മികമായ ഉൗർജ്ജ തരംഗങ്ങൾ നമ്മുടെ ഉള്ളിലേക്ക് സംക്രമിക്കുന്നു."

മഹർഷിയിൽ നിന്ന് എല്ലായ്‌പ്പോഴും ദിവ്യമായ കാരുണ്യം നിറഞ്ഞു തുളുമ്പിക്കൊണ്ടിരുന്നുവെന്നും മനുഷ്യർ മാത്രമല്ല, സസ്യജാലങ്ങളും പക്ഷിമൃഗാദികളും മഹർഷിയുടെ അതിരറ്റ സ്നേഹം അനുഭവിച്ചിരുന്നുവെന്നും ടി.എം.പി. മഹാദേവൻ എഴുതുന്നു.

ശ്രീരമണ മഹർഷിയിലും ശ്രീരാമകൃഷ്ണ പരമഹംസരിലും ശ്രീനാരായണ ഗുരുവിലും നിസർഗദത്ത മഹാരാജിലും ഒക്കെ കാണുന്ന ഇൗ സുതാര്യത പൊടുന്നനെ ഉണ്ടായതല്ല. നിരന്തരമായ മാനസിക സംഘർഷങ്ങളിലൂടെ, മഹാവ്യഥകളിലൂടെ, എരിയുന്ന ചിന്തകളിലൂടെ, അനന്തമായ അന്വേഷണങ്ങളിലൂടെ, അനുസ്യൂതമായ ധ്യാനത്തിലൂടെ അവർ സത്യം കണ്ടെത്തുകയായിരുന്നു. ഇതേ വഴിയിലൂടെ സഞ്ചരിച്ചാണ് ബാലകൃഷ്ണൻ നായർ സാർ ഉണ്മയിലെത്തിച്ചേർന്നത്.

അതിസാധാരണമായ ഒരു കുടുംബത്തിലാണ് സാർ ജനിച്ചത്. ബാല്യം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. അത് കഠിന കാലമായിരുന്നു. സാറിന്റെ അമ്മ എല്ലാ ദിവസവും രാവിലെ നാലുമണിക്ക് എഴുന്നേറ്റിരുന്ന് എഴുത്തച്ഛന്റെ ഹരിനാമകീർത്തനം മുഴുവനും ചൊല്ലുമായിരുന്നു. സാറിനെ ഗർഭം ധരിച്ചിരുന്ന നാളുകളിൽ, ആ അമ്മ നിരന്തരം ഹരിനാമകീർത്തനം പാടിക്കൊണ്ടിരുന്നു. ഹരിനാമകീർത്തനത്തിന്റെ 'ഒന്നായ പൊരുളി"നെ രക്തത്തിൽ സ്വാംശീകരിച്ചുകൊണ്ടാണ് ബാലകൃഷ്ണൻ നായർ സാർ ഭൂജാതനായത്. സാറിന്റെ അച്ഛൻ രാമായണം വായനക്കാരനായിരുന്നു. 'വായനക്കാരൻ ഗോവിന്ദപ്പിള്ള' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സാറിന് അഞ്ചുവയസുള്ളപ്പോൾ അച്ഛൻ മരിച്ചു.

അന്ന് നാട്ടിൻപുറത്തെ വീടുകളിൽ എല്ലാ ദിവസവും അദ്ധ്യാത്മരാമായണം വായിക്കുമായിരുന്നു. കുറെ മുതിർന്നപ്പോൾ രാമായണം വായിക്കേണ്ടത് സാറിന്റെ കൃത്യമായിത്തീർന്നു. പത്തുപന്ത്രണ്ട് വയസായപ്പോഴേക്ക് സാർ രാമായണവുമായി ആഴത്തിൽ അടുത്തുകഴിഞ്ഞിരുന്നു. ഹരിനാമകീർത്തനത്തിന്റെയും രാമായണത്തിന്റെയും അന്തർദർശനത്തിൽ നിന്നാണ് സാറിന്റെ സത്യാന്വേഷണം ആരംഭിക്കുന്നത്.

ഏഴുവയസുകാരനായ മകൻ അരവിന്ദൻ ടെറ്റനസ് ബാധിച്ച് സാറിന്റെ മടിയിൽ കിടന്നാണ് അന്ത്യശ്വാസം വലിച്ചത്. അവസാനംവരെയും ആ ബാലൻ 'ശിവ ശിവ' എന്നുച്ചരിച്ചുകൊണ്ടിരുന്നു. പ്രിയപുത്രന്റെ മരണത്തിൽ തെല്ലുപോലും പതറാതെ സാർ ശാന്തനായിരുന്നു; നിരാമയനായിരുന്നു. അപ്പോൾ, അസ്തിത്വത്തിന്റെ പൊരുൾ എന്തെന്നറിയാതെ ഇനി ഒരുനിമിഷം പോലും വിശ്രമിക്കില്ല എന്ന് സാർ തന്റെ ഉള്ളിൽ ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു. സാറിന്റെ വാക്കുകൾ ശ്രദ്ധിക്കുക:

"അനുസ്യൂതമായ സത്യാന്വേഷണത്തിലൂടെ ഞാൻ എത്തേണ്ടിടത്ത് എത്തി. അറിയേണ്ടതെല്ലാം അറിഞ്ഞു. ഇനി ഒന്നും ചെയ്യാനില്ല."

സാറിന്റെ ജ്ഞാനവചസുകൾ നമുക്ക് അഭയമായിത്തീരുന്നു. സാറിന്റെ മഹാഭാഷ്യങ്ങളിൽ നാം സുതാര്യതയും പ്രശാന്തിയും അറിയുന്നു. നിലനില്പിന്റെ രഹസ്യം അനുഭൂതിതലത്തിൽ അറിഞ്ഞവരുടെ വാക്കുകൾ നമ്മുടെ പ്രജ്ഞയിൽ പ്രകാശം പരത്തുന്നു. നിഗൂഢമായ അർത്ഥങ്ങൾ മറനീക്കി വെളിപ്പെടുന്നു. ഇൗ പ്രപഞ്ചം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉള്ളത് ബോധം മാത്രമാണെന്നും ബോധത്തിലെ ഭ്രമം മാത്രമാണ് ഇൗ സൃഷ്ടിയും കാലദേശങ്ങളുമെല്ലാം എന്നും സാർ പറയുമ്പോൾ, നാം അത് അനുഭവിക്കുന്നു; അറിയുന്നു. നമ്മുടെ മനസിന്റെ ഇരുട്ടിലൂടെ സാറിന്റെ വാക്കുകൾ ഒരു വജ്രസൂചിയായി പാഞ്ഞുപോകുന്നു. സത്യസാക്ഷാത്കാരം നേടിയവരുടെ വാക്കുകൾ അനുഭവമായിത്തീരുന്നു.

എന്റെ ജീവിതത്തിൽ എന്റെ അച്ഛനമ്മമാരോ ബന്ധുക്കളോ സുഹൃത്തുക്കളോ പോലും നൽകാത്ത നിരുപാധികമായ സ്നേഹവും വാത്സല്യവും കാരുണ്യവുമാണ് സാർ എനിക്ക് നൽകിയിട്ടുള്ളത്. ഏതോ ജന്മാന്തര പുണ്യത്താൽ സാറിന്റെ ഒരു എളിയ ശിഷ്യനായിത്തീരാനും ആ മഹാഗുരുവിന്റെ വാക്കുകൾ സദാ ശ്രദ്ധിക്കാനും, ആ മഹാജ്ഞാനിയുടെ പുണ്യപാദങ്ങളിൽ സ്പർശിക്കാനും കഴിഞ്ഞതിൽ ഞാൻ അത്യന്തം ധന്യനാണ്.