കോവളം: വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സിക്കാനുള്ള പ്രത്യേക യൂണിറ്റിന്റെ നിർമ്മാണം നീളുന്നു. തീരദേശ വികസന കോർപറേഷന്റെ വിഹിതമായ നാലരക്കോടിയും വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള മൂന്നുകോടിയും ചേർത്ത് ഏഴുകോടി എട്ട് ലക്ഷം രൂപ ചെലവിട്ടാണ് പുതിയ ഐ.പി ബ്ലോക്ക് നിർമ്മിക്കുന്നതിന് പദ്ധതി ആരംഭിച്ചത്. ജനറൽ മെഡിസിൻ, ജനറൽ സർജറി, കുട്ടികൾക്കുള്ള വിഭാഗം, ഗൈനക്കോളജി, അനസ്‌തെറ്റിസ്റ്റ് എന്നീ വിഭാഗങ്ങളിൽനിന്നുള്ള ഡോക്ടർമാരുടെ സേവനവുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. തീരദേശ മേഖലയായ ഇവിടെ നിരവധി പേരാണ് ചികിത്സയ്ക്ക് എത്തുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള അണ്ടർഗ്രൗണ്ട് സംവിധാനം ഉൾപ്പെടെ നാലുനിലകളിലുള്ള കെട്ടിടം നിർമ്മിക്കുന്നതിനാണ് തുറമുഖ എൻജിനിയറിംഗ് വിഭാഗത്തിന് ചുമതല നൽകിയത്. എന്നാൽ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടും നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. 2000 ചതുരശ്ര അടിയോളം ഉണ്ടായിരുന്ന ആശുപത്രിയുടെ പഴയ കെട്ടിടം പൊളിക്കുകയും കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും ടൺ കണക്കിന് മണ്ണും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്‌തതല്ലാതെ ഹാർബർ എൻജിനിയറിംഗ് വകുപ്പ് തുടർ നടപടികൾ സ്വീകരിച്ചില്ല.
'' വൈദ്യുതി പോസ്റ്റും ലൈറ്റും മാറ്റുന്നതിന് കെ.എസ്.ഇ.ബിയുടെയും മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പിന്റെയും അനുമതി വൈകിയതാണ് പദ്ധതിക്ക് തടസമുണ്ടാകാൻ കാരണം. നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കും.
- ഹാർബർ എൻജിനിയറിംഗ് വിഭാഗം
'' ഉടൻ നിർമ്മാണം ആരംഭിക്കുമെന്നാണ് ഹാർബർ എൻജിനിയറിംഗ് വിഭാഗം അറിയിച്ചത്. പുതിയ കെട്ടിടത്തിൽ ലേബർറൂമും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. പുതിയ കെട്ടിടത്തിൽ 20 കിടക്കകൾ കൂടി അധികമായി സജ്ജമാക്കും. ആശുപത്രിയിൽ അധിക ഡോക്ടർമാരുടെ സേവനംകൂടി ഉറപ്പാക്കിയിട്ടുണ്ട്.
ഡോ. വഷിദാ ഗുണസെൽവി, മെഡിക്കൽ ഓഫീസർ ഇൻചാർജ്