g

തിരുവനന്തപുരം: ഇനി മഴക്കാലം വരണം; ഒരു ഹരിതസ്വപ്‌നത്തിന്റെ ആദ്യ വിത്ത്‌ മുളപൊട്ടുന്നതു കാത്തിരിക്കുകയാണ് തോന്നയ്‌ക്കൽ സത്യസായി കോളേജിലെ വിദ്യാർത്ഥികൾ. വിത്തുകൾ ഒളിപ്പിച്ചുവച്ച 10 ലക്ഷം സീഡ് ബാളുകളാണ് കുട്ടികൾ കരുതിവച്ചിരിക്കുന്നത്. അടുത്ത മഴയ്‌ക്ക് അവരുടെ സ്വപ്‌നം സംസ്ഥാനമെമ്പാടും സ്കൂളുകളിലും വഴിയോരങ്ങളിലും ലക്ഷക്കണക്കിന് തണൽക്കുടകൾക്കായി കിളിർത്തുവിടരും.

ചെമ്മണ്ണും ചെളിയും ചകിരിച്ചോറും ജൈവവളവും കുഴച്ച് ഉരുളകളാക്കി അതിൽ വൃക്ഷങ്ങളുടെ വിത്തുകൾ പുതച്ചുവയ്ക്കുന്നതാണ് സീഡ് ബോൾ. പച്ചമലയാളത്തിൽ :'വിത്തുപന്ത്.' മഴയത്തെറിഞ്ഞാൽ മതി,​ നനവു പിടിച്ച് വിത്തുകൾ കിളിർക്കും. വേപ്പും കണിക്കൊന്നയുമാണ് ഏറെയും. മണ്ണിൽ വേരാഴ്‌ത്തി വളരാനുള്ള പോഷകങ്ങളെല്ലാം പന്തിനകത്തുണ്ട്.

കർണ്ണാടകത്തിൽ പേപ്പർ ഇന്ത്യ എന്ന സ്ഥാപനം ആവിഷ്‌കരിച്ച പദ്ധതിയുമായി സഹകരിച്ച് സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ ആണ് വിദ്യാർത്ഥികളിലേക്ക് ഈ ആശയത്തിന്റെ വിത്തെറിഞ്ഞത്.പിന്നീട് സ്വയംസഹായ സംഘങ്ങൾ ഉൾപ്പെടെ പങ്കാളികളായി.

സീഡ് ഫ്‌ളാഗ് മറ്റൊരു പദ്ധതി

സ്കൂളുകളിൽ റിപ്പബ്ലിക്, സ്വാതന്ത്ര്യ ദിനങ്ങളിൽ ദേശീയ പതാകയായി ഉപയോഗിക്കാവുന്ന സീഡ് ഫ്‌ളാഗ് ആണ് മറ്റൊരു പദ്ധതി. പരുത്തിത്തുണിയും കടലാസും അരച്ചെടുക്കുന്ന പൾപ്പിനുള്ളിൽ വിത്തുകൾ ചേർത്ത് കടലാസു രൂപത്തിൽ ഉണക്കിയെടുക്കും. കൊടിയുടെയോ ബാഡ്ജിന്റെയോ അളവിൽ മുറിച്ചെടുത്ത് ജൈവനിറങ്ങൾ ഉപയോഗിച്ച് പതാകയ്ക്ക് നിറം നൽകും.കുങ്കുമ നിറത്തിന് മഞ്ഞളും ചുണ്ണാമ്പും. പച്ചയ്ക്ക് ചീരത്തണ്ടിന്റെ നീര്. ഞാവൽപ്പഴത്തിന്റെ സത്തെടുത്താണ് അശോകചക്രം വരയ്ക്കുക. കടലാസു പതാകകൾ ഉപയോഗത്തിനു ശേഷം മണ്ണിൽ നിക്ഷേപിച്ചാൽ മതി,​ വിത്തുകൾ കിളിർത്തുവരും.വനം വകുപ്പുമായി ചേർന്ന് പദ്ധതി വ്യാപിപ്പിക്കാൻ മന്ത്രി കെ.രാജു സത്യസായി ആർട്‌സ് ആൻഡ് സയൻസ് കോളേജിനെ ക്ഷണിച്ചതായി പ്രോജക്ട് കോ- ഓർഡിനേറ്റർ പി.എസ്. പ്രദീപ് പറഞ്ഞു .