അധികാരത്തിൽ നിന്നിറങ്ങാൻ മൂന്നരമാസം മാത്രം ശേഷിക്കുന്ന ഒരു സർക്കാരിന്റെ ഇടക്കാല ബഡ്‌ജറ്റ് എങ്ങനെയുള്ളതായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. പരമാവധി ജനങ്ങളെ ആകർഷിക്കാനുള്ള എല്ലാ വേലത്തരങ്ങളും അടങ്ങുന്നതായിരിക്കും അത്. തുടർഭരണത്തെക്കുറിച്ച് സംശയംകൂടിയുള്ള നിലയ്ക്ക് സൗജന്യങ്ങളും വാഗ്‌ദാനങ്ങളും വാരിക്കോരി നിറച്ചുകൊണ്ടാണ് മോദി സർക്കാരിന്റെ അവസാന ബഡ്‌ജറ്റ് എത്തുന്നത്. ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി ചികിത്സയ്ക്കായി അമേരിക്കയിലായതിനാൽ റെയിൽവേ വകുപ്പുമന്ത്രി പിയൂഷ് ഗോയലിനാണ് ഇടക്കാല ബഡ്‌ജറ്റ് അവതരിപ്പിച്ച് കൈയടി നേടാൻ ഭാഗ്യം ലഭിച്ചത്. എല്ലാ അർത്ഥത്തിലും ബഡ്‌ജറ്റ് ഏറെ ജനപ്രിയമാക്കാൻ ധനമന്ത്രി കിണഞ്ഞുശ്രമിച്ചിട്ടുണ്ട്. സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്കും മദ്ധ്യവർഗത്തിനും ഗുണകരമായ ഒട്ടേറെ നല്ല നിർദ്ദേശങ്ങൾ ധനമന്ത്രി മുന്നോട്ടുവച്ചിട്ടുണ്ട്. കർഷകർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ, ശമ്പളക്കാർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങളെ പാട്ടിലാക്കാനുള്ള പൊടിക്കൈകൾ ധാരാളമായി കാണാം. വീണ്ടും അധികാരത്തിലെത്താനുള്ള ഭാഗ്യമുണ്ടായാൽ വലിയ ബാദ്ധ്യതയായി മാറാനിടയുള്ളതാണ് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട ചില ആനുകൂല്യങ്ങൾ. പോകാൻ പോകുന്ന പോക്കിൽ ജനങ്ങളോടുള്ള സ്നേഹവായ്പ് വല്ലാതെ വർദ്ധിക്കുന്നത് ഏത് സർക്കാരിന്റെയും ദൗർബല്യമാണ്.
ആദായ നികുതി ഒഴിവുപരിധി അഞ്ചുലക്ഷം രൂപയായി ഉയർത്തുകവഴി മദ്ധ്യവർഗത്തിൽപ്പെടുന്നവരെ മോദി സർക്കാർ ശരിക്കും കടാക്ഷിച്ചിരിക്കുകയാണ്. രണ്ടരലക്ഷം രൂപയായിരുന്ന നികുതി ഒഴിവ് പരിധി ഒറ്റയടിക്ക് അഞ്ചുലക്ഷമായാണ് ഉയർത്തിയിരിക്കുന്നത്. മറ്റു ഇളവുകൾ കൂടിചേർത്താൽ ഏഴുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് അടുത്ത സാമ്പത്തിക വർഷം മുതൽ ആദായനികുതി നൽകേണ്ടിവരില്ല. അതുപോലെ ബാങ്ക്- പോസ്റ്റാഫീസ് നിക്ഷേപ പലിശയിൽ നികുതി ഒഴിവുപരിധി 40000 രൂപയായി വർദ്ധിപ്പിച്ചതും ലക്ഷക്കണക്കിന് നിക്ഷേപകർക്ക് ഗുണകരമാകും. ഗ്രാറ്റുവിറ്റി പരിധി 30 ലക്ഷം രൂപയായി ഉയർത്തുകവഴി സംഘടിത മേഖലയിലെ തൊഴിലാളികൾക്കും ശമ്പള വിഭാഗത്തിനും വലിയ ആനുകൂല്യമാണ് ലഭിക്കുക. വാടക വരുമാന നികുതി പരിധിയും 2.4 ലക്ഷം രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ ആദായനികുതി ഇളവുപരിധി നേരിയ തോതിൽപോലും ഉയർത്താൻ മടിച്ചവർ ഇക്കുറി അത് നേരെ ഇരട്ടിയാക്കിയത് തിരഞ്ഞെടുപ്പിൽ കണ്ണുവച്ചുകൊണ്ടാണെന്ന് പ്രതിപക്ഷത്തുനിന്നും വിമർശനം ഉയർന്നിട്ടുണ്ടെങ്കിലും ആദായനികുതി നൽകുന്നവരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ്.
വീട്ടുജോലിക്കാർ, ഡ്രൈവർമാർ, സ്വയംതൊഴിലെടുത്ത് ജീവിക്കുന്ന വിഭാഗക്കാർ തുടങ്ങി അസംഘടിത മേഖലയിലുള്ളവർക്കായി വിപുലമായ പെൻഷൻ പദ്ധതിയാണ് ബഡ്‌ജറ്റിലെ മറ്റൊരു സവിശേഷത. മാസം നൂറുരൂപ അംശാദായം അടച്ച് 60 വയസ് തികയുമ്പോൾ പ്രതിമാസം 3000 രൂപ പെൻഷനായി നൽകാനുള്ള പദ്ധതിയാണിത്. പത്തുകോടിപേർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ലോകത്തെതന്നെ ഏറ്റവും വലിയ പെൻഷൻ പദ്ധതിയായി ഇതുമാറുമെന്ന അവകാശവാദവും ഒപ്പമുണ്ട്. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കൃഷിക്കാർക്ക് പ്രതിവർഷം ആറായിരം രൂപ പെൻഷൻ നൽകാനുള്ള പ്രധാനമന്ത്രി കിസാൻ യോജനയാണ് കർഷകരെ ഉദ്ദേശിച്ചുള്ള മറ്റൊരു പദ്ധതി. മൂന്ന് തവണയായി രണ്ടായിരം രൂപവീതം കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിക്കും. പന്ത്രണ്ടുകോടി കൃഷിക്കാർക്ക് ഗുണമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇക്കഴിഞ്ഞ ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തോടെയാകും പദ്ധതി നടപ്പാക്കുന്നത്. കിസാൻ ക്രെഡിറ്റ് കാർഡുകാർക്ക് കാർഷിക വായ്പയിൽ രണ്ട് ശതമാനം പലിശയിളവ്, വായ്പ കൃത്യമായി അടയ്ക്കുന്നവർക്ക് അധികമായി മൂന്നുശതമാനം ഇളവ് തുടങ്ങിവേറെയും പ്രലോഭനങ്ങൾ ബഡ്‌ജറ്റിലുണ്ട്. കാർഷികവായ്പ നൽകാൻ 11.68 ലക്ഷംകോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
മോദി സർക്കാരിന്റെ ഏറെ പഴികേട്ട അതിരുവിട്ട് പശു പ്രേമത്തിന് തെളിവാണ്. 'കാമധേനു ആയോഗ്" പദ്ധതി. ഉപേക്ഷിക്കപ്പെടുന്ന പശുക്കളെ പോറ്റിവളർത്താൻ സംരക്ഷണം കേന്ദ്രങ്ങൾ തുടങ്ങും. പശുവിനെ വാങ്ങാനും ബാങ്ക് വായ്പ ലഭ്യമാക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും പശു പരിപാലനത്തിന് സഹായ പദ്ധതികൾ വരും.
2022 ഒാടെ പുതിയ ഇന്ത്യ എന്ന സങ്കല്പം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് പറയുന്ന ബഡ്‌ജറ്റിൽ പതിവുപോലെ പലതും മറച്ചുവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. പുതുതായി പ്രഖ്യാപിക്കപ്പെട്ട സൗജന്യങ്ങൾ നൽകാനാവശ്യമായ അധിക വിഭവ സമാഹരണത്തെക്കുറിച്ച് പരാമർശമില്ല. പണപ്പെരുപ്പവും ധനകമ്മിയും കുറയ്ക്കാൻ കഴിഞ്ഞുവെന്ന അവകാശവാദം സാധൂകരിക്കുന്ന സ്ഥിതി വിവരങ്ങളുമില്ല. ബഡ്‌ജറ്റ് അവതരണത്തിന് മുന്നോടിയായി പതിവായി പാർലമെന്റിൽ വയ്ക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ടും ഇക്കുറി കണ്ടില്ല.
പ്രതിരോധസേനയ്ക്കുള്ള വിഹിതം മൂന്നുലക്ഷം കോടിരൂപയായി ഉയർത്തിയിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിക്കായി 60000 കോടി നീക്കിവച്ചപ്പോൾ പൊതുമേഖലാ ബാങ്കുകൾക്കായി 2.6 ലക്ഷം കോടി രൂപയാണ് വക കൊള്ളിച്ചത്. പത്തുലക്ഷം കോടി രൂപ കിട്ടാക്കടം വരുത്തിവച്ച ബാങ്കുകൾക്ക് ആഹ്‌ളാദിക്കാൻ ഇത് ധാരാളമാണ്. റെയിൽവേയുടെ ബഡ്‌ജറ്റ് വിഹിതം ഒന്നരലക്ഷം കോടി രൂപയാണ്.
പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി വൈദ്യുതിയും പാചക വാതക കണക്ഷനും നൽകാനുള്ള പദ്ധതികൾ തുടരും. പ്രകൃതി ദുരന്തങ്ങൾക്കിരയായ കർഷകർക്ക് വായ്പാ പലിശയിൽ രണ്ടുശതമാനം ഇളവ്, മത്സ്യമേഖലയ്ക്കായി പ്രത്യേക മന്ത്രാലയം, ഒരുലക്ഷം ഗ്രാമങ്ങളുടെ ഡിജിറ്റലൈസേഷൻ, സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഏക ജാലക സംവിധാനം, പട്ടികജാതി-പട്ടികവിഭാഗ ക്ഷേമത്തിന് 76800 കോടി തുടങ്ങി വിഭിന്ന മേഖലകളെ തൃപ്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ നിരവധിയാണ്. ഇടക്കാല ബഡ്‌ജറ്റിലെ നിർദ്ദേശങ്ങൾ യാഥാർത്ഥ്യമാകണമെങ്കിൽ ഇതേ സർക്കാർ തന്നെ വീണ്ടും അധികാരത്തിലെത്തേണ്ടതുണ്ട്. ബഡ്‌ജറ്റിന്റെ പകിട്ടു മാത്രംകൊണ്ട് സാധിച്ചെടുക്കാവുന്ന കാര്യമല്ലത്. ഭരണത്തിൽ കയറിയാൽ ജനങ്ങളെയും അവരുടെ ആവശ്യങ്ങളും വിസ്‌മരിക്കുകയെന്നത് സർക്കാരുകളുടെ പൊതുസ്വഭാവമാണ്. തിരഞ്ഞെടുപ്പ് പടിവാതിലിലെത്തുമ്പോഴാണ് ജനത്തെ വീണ്ടും ഒാർമ്മ വരുന്നത്. മോദി സർക്കാരിന്റെ അവസാനത്തെ ഇൗ ഇടക്കാല ബഡ്‌ജറ്റിന് കേവലം സാങ്കല്പികമായ നിലനില്പേ ഉള്ളൂ. തിരഞ്ഞെടുപ്പിനുശേഷം വരുന്ന ഗവൺമെന്റ് വേണം സമ്പൂർണ ബഡ്‌ജറ്റുമായി ജനങ്ങളെ സമീപിക്കാൻ.