കല്ലമ്പലം: തോട്ടയ്ക്കാട് എം.ജി യു.പി സ്കൂളിൽ ക്ളാസെടുക്കാനെത്തിയ വിദേശ അദ്ധ്യാപകൻ കുട്ടികളിൽ കൗതുകമുണർത്തി. അദ്ധ്യാപകരുടെ ക്ഷണം സ്വീകരിച്ച് സ്കൂളിലെത്തിയ അമേരിക്കക്കാരനായ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോ. പീറ്റർ ഓപ്പൺ ഹെയ്മറോട് മണിക്കൂറുകളോളം കുട്ടികൾ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തി. പ്രൈമറി കുട്ടികളാണ് അദ്ധ്യാപകരുടെയും, രക്ഷാകർത്താക്കളുടെയും, ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ അതിഥിയോട് ഇംഗ്ലീഷിൽ അനായാസം സംസാരിച്ച് മിടുക്ക് കാട്ടിയത്. കേരള സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി വരുന്ന നവീന പരിശീലനങ്ങളും അവയുടെ മികവുകൾ കേട്ടറിഞ്ഞും ഈ സ്കൂളിലെ ഇംഗ്ലീഷ് ടീച്ചറായ എസ്. റാണിയുടെ അഭ്യർത്ഥന പ്രകാരവുമാണ് പീറ്റർ സ്‌കൂളിൽ എത്തിയത്.
നാരായണ ഗുരുകുലത്തിൽ ഗുരുകുല അദ്ധ്യക്ഷൻ മുനി നാരായണപ്രസാദിന്റെ കീഴിൽ ശ്രീനാരായണ കൃതികളുടെ പഠനവുമായി ബന്ധപ്പെട്ട് പീറ്റർ ഇടയ്ക്ക് കേരളത്തിൽ വന്നു പോകാറുണ്ട്. അവിടെ ഫിലോസഫി പഠനവുമായി ബന്ധമുള്ള റാണി ടീച്ചർ തന്റെ സ്കൂളിലെ കുട്ടികളെ നേരിട്ടു കാണാൻ ക്ഷണിക്കുകയായിരുന്നു. ഡോ.പീറ്ററിനെ സ്വീകരിക്കാൻ കുട്ടികൾക്കൊപ്പം കരവാരം ഗ്രാമപഞ്ചായത്ത് പ്രതിനിധികളും, രക്ഷാകർത്താക്കളും അദ്ധ്യാപകരും രാവിലെ തന്നെ സ്കൂളിൽ എത്തിയിരുന്നു. കുട്ടികൾ അറിയാവുന്ന ഇംഗ്ലീഷിൽ ചോദിച്ച ചോദ്യങ്ങൾക്ക് പീറ്റർ പറഞ്ഞ മറുപടി വിവർത്തനം ചെയ്യാൻ സമഗ്ര ശിക്ഷ സംസ്ഥാന പ്രോഗ്രാം ഓഫീസർ രാധാകൃഷ്ണൻ നായർ ഉണ്ടായിരുന്നെങ്കിലും തുടക്കത്തിൽ മാത്രമാണ് കുട്ടികൾക്ക് സഹായം വേണ്ടിവന്നത്. സമഗ്ര ശിക്ഷ നടപ്പിലാക്കിയ ഹലോ ഇംഗ്ലീഷ് പരിശീലനമാണ് കുട്ടികളെ ഇതിന് പ്രാപ്തരാക്കിയതെന്ന് രക്ഷാകർത്താക്കൾ പറഞ്ഞു. റാണി ടീച്ചർ മോഡറേറ്ററായി. പാട്ടു പാടിയും ഉച്ചയൂണു കഴിച്ചും 72 കാരനായ ഡോ. പീറ്റർ ഏറെ നേരം കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. സമഗ്ര ശിക്ഷ പൊതുവിദ്യാലയങ്ങളിൽ ആരംഭിക്കുന്ന പഠനോത്സവത്തിന്റെ ഭാഗമായിട്ടു കൂടിയാണ് ഇത്തരത്തിൽ ഒരു പരിപാടി നടത്തിയതെന്ന് റാണി ടീച്ചർ പറഞ്ഞു.