വർക്കല: വർക്കല നിയോജക മണ്ഡലത്തിൽ മാലിന്യ സംസ്കരണം ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകൾ പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായതായി പരാതി. 2012ലാണ് മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിച്ചത്. തുടക്കത്തിൽ പ്രവർത്തനങ്ങൾ കാര്യമായി നടന്നെങ്കിലും പിന്നീട് പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമായി നടത്താൻ അധികൃതർക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ കഴിഞ്ഞില്ല. കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിച്ച ഇടങ്ങളിൽ ടാങ്കുകൾ ജീർണാവസ്ഥയിലാവുകയും മറ്റു ചില സ്ഥലങ്ങളിൽ ടാങ്കുകൾ നീക്കം ചെയ്യുകയും ചെയ്തു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങളോ വിദഗ്ദ്ധരുടെ നിർദ്ദേശങ്ങളോ പാലിച്ചല്ല ഇവ സ്ഥാപിച്ചതെന്ന് ആദ്യം മുതൽക്കെ ആക്ഷേപമുണ്ടായിരുന്നു. വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ടോ ഗ്രാമസഭകളുടെ അഭിപ്രായങ്ങളോ ആരാഞ്ഞ ശേഷമല്ല ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതെന്നും പരാതിയുണ്ട്. ടാങ്കിന് കമ്പിവല കൊണ്ട് നിർമ്മിച്ച മേൽമൂടിയും അതിനു മുകളിൽ മേൽക്കൂരയും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല. ഓരോ പഞ്ചായത്ത് പ്രദേശത്തും സബ്സിഡി കൈപ്പറ്റിയ ഗുണഭോക്താക്കളിൽ പലരും പദ്ധതി പൂർത്തീകരിച്ചില്ല. പദ്ധതിയുടെ മേൽനോട്ട ചുമതല വഹിക്കേണ്ടവർ ഗുണഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിന് തയ്യാറായതുമില്ല. ഒരു വിളയ്ക്ക് വേണ്ടുന്ന ജൈവവളത്തിന്റെ പകുതിയോളം മണ്ണിര കമ്പോസ്റ്റിലൂടെ ലഭിക്കുമെന്നാണ് കൃഷി ഓഫീസർമാരുടെ അഭിപ്രായം. കർഷകർക്ക് കൂടുതൽ ആശ്വാസമാകുമായിരുന്ന ഒരു പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ കാരണം ഫലം കാണാതെ പോയത്. ഇവ എത്രയും പെട്ടെന്ന് പ്രവർത്തനക്ഷമമാക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
കൃഷിവകുപ്പ് വഴി സബ്സിഡി നിരക്കിൽ നടത്തി വന്നിരുന്ന വ്യക്തിഗതാനുകൂല്യ പദ്ധതിയാണ് മണ്ണിര കമ്പോസ്റ്റ് നിർമ്മാണം. 1500 രൂപ ഗുണഭോക്തൃ വിഹിതവും 1500 രൂപ കൃഷിവകുപ്പിന്റെ സബ്സിഡിയും അടക്കം 3000 രൂപയായിരുന്നു യൂണിറ്റിന്റെ അടങ്കൽതുക. കേരളത്തിൽ ശാസ്ത്രീയമായി പരീക്ഷിച്ച് വിജയിച്ച പദ്ധതിയിൽ ടാങ്കിന്റെ നീളം, വീതി എന്നിവ കൃത്യമായി നിഷ്കർഷിച്ചിരുന്നു.