കാട്ടാക്കട: എൻ.എസ്.എസ് കാട്ടാക്കട താലൂക്ക് യൂണിയൻ മെമ്പറും കള്ളിക്കാട് മൈലക്കര മുകുന്ദറ കരയോഗം പ്രസിഡന്റും ബി.ജെ.പി കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ മൈലക്കര വിജയന്റെ വീടിന് നേരെ ആക്രമണം. ഇന്നലെ രാവിലെ 7.30നാണ് സംഭവം. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വിജയനും കുടുംബവും വിദേശത്ത് നിന്നെത്തിയ മകനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയ സമയത്തായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലായി മുഖംമൂടി ധരിച്ചെത്തിയ ആറോളം പേർ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അക്രമം നടത്തുകയായിരുന്നെന്ന് സമീപവാസികൾ അറിയിച്ചു. ഗേറ്റ് ചവിട്ടിത്തുറന്ന് അകത്തുകടന്ന ആക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ജനൽച്ചില്ലുകൾ അടിച്ചു തകർക്കുകയും മുൻവശത്തെ വാതിൽ തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. നെയ്യാർഡാം പൊലീസ് എത്തി പരിശോധന നടത്തി. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം കരമന ജയൻ, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.ടി. രമ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു, വി.വി. രാജേഷ് എന്നിവർ വിജയന്റെ വീട് സന്ദർശിച്ചു.
ആക്രമണത്തിൽ താലൂക്ക്
യൂണിയൻ പ്രതിഷേധിച്ചു
കാട്ടാക്കട: എൻ.എസ്.എസ് കാട്ടാക്കട താലൂക്ക് യൂണിയൻ മെമ്പറും കള്ളിക്കാട് മൈലക്കര മുകുന്ദറ കരയോഗം പ്രസിഡന്റുമായ മൈലക്കര ആർ. വിജയന്റെ വീടിന് നേരെ നടന്ന ആക്രമണത്തിൽ എൻ.എസ്.എസ് കാട്ടാക്കട താലൂക്ക് യൂണിയൻ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. ചന്ദ്രശേഖരൻ നായരും വൈസ് പ്രസിഡന്റ് വാഴിച്ചൽ ഡി. ഗോപാലകൃഷ്ണൻ നായരും സെക്രട്ടറി ബി.എസ്. പ്രദീപ്കുമാറും ആവശ്യപ്പെട്ടു.