തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിൽ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന 'വർണ ച്ചിറകുകൾ 2019 ' സംസ്ഥാന ചിൽഡ്രൻസ് ഫെസ്റ്റിന് ചാല ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കമായി. മന്ത്രി കെ.കെ. ശൈലജ ചിൽഡ്രൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പരിചരണവും ശ്രദ്ധയും ആവശ്യമുള്ള കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. 'ഉജ്ജ്വലബാല്യം' അവാർഡുകളും മന്ത്രി വിതരണം ചെയ്‌തു. ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ കോട്ടയം ഗവ. ബോയ്‌സ് ചിൽഡ്രൻസ് ഹോമിന് ആൺകുട്ടികളുടെ മികച്ച ഹോമിനുള്ള പുരസ്‌കാരവും ആലപ്പുഴ മായിത്തറ ഗേൾസ് ചിൽഡ്രൻസ് ഹോമിന് പെൺകുട്ടികളുടെ മികച്ച ഹോമിനുള്ള പുരസ്‌കാരവും ലഭിച്ചു. വയനാട് ഡി.സി.പി.യു നിർമ്മിച്ച 'ആ താരകം' എന്ന ഷോർട്ട് ഫിലിമിന്റെ പ്രകാശനം മന്ത്രി നിർവഹിച്ചു. ഷോർട്ട് ഫിലിം സംവിധായകൻ സൂര്യ സജിയെ ആദരിച്ചു. ക്രിക്കറ്റ് ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്തിയ തിരുവനന്തപുരം ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ അദ്ധ്യക്ഷനായ ചടങ്ങിൽ വനിത ശിശുവികസന ഡയറക്ടർ ഷീബ ജോർജ്, സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ പി. സുരേഷ്, ചാല ബോയ്‌സ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് കുമാരി ലതിക എം.എസ്, സാമൂഹ്യനീതി വകുപ്പ് ജോയിന്റ് ഡയറക്ടർ സുന്ദരി തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 800ൽപരം കുട്ടികളാണ് ഇരുപതോളം ഇനങ്ങളിൽ മത്സരിക്കുന്നത്.