തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹഭരണത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന 'ജനമഹായാത്ര' നാളെ വൈകിട്ട് മൂന്നിന് കാസർകോട് ഉപ്പളയിൽ തുടക്കമാകും. മുല്ലപ്പള്ളിക്ക് പാർട്ടി പതാക കൈമാറി കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. 28 വരെയാണ് ജനമഹായാത്ര.
മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി.സി. ചാക്കോ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ജാഥാ കോ-ഓർഡിനേറ്ററും യു.ഡി.എഫ് കൺവീനറുമായ ബെന്നി ബഹനാൻ, വി.എം. സുധീരൻ, എം.എം. ഹസൻ, തമ്പാനൂർ രവി തുടങ്ങിയവർ പങ്കെടുക്കും.
നാലിന് രാവിലെ 10ന് ഉദുമയിൽ നിന്ന് പര്യടനം തുടങ്ങി വൈകിട്ടോടെ കണ്ണൂരിൽ പ്രവേശിക്കും. 5നും 6നും ജനമഹായാത്ര കണ്ണൂരിലെ പര്യടനം പൂർത്തിയാക്കി വൈകിട്ട് വയനാട്ടിലെത്തും.ഏഴിന് കോഴിക്കോട്ടും ഒമ്പതിന് മലപ്പുറത്തും പര്യടനത്തിന് തുടക്കം കുറിക്കും.
10, 11 തീയതികളിൽ മലപ്പുറത്തെ പത്ത് വേദികളിൽ സ്വീകരണം നൽകും. തുടർന്ന് വൈകിട്ട് പാലക്കാട്ട് പ്രവേശിക്കും.13ന് വൈകിട്ട് തൃശൂരിലെത്തും. 14നും 15നും തൃശൂരിലും,16, 18, 19 തീയതികളിൽ എറണാകുളത്തെ വിവിധ ഭാഗങ്ങളിലുമാണ് പര്യടനം. 17ന് യാത്രയില്ല.
19, 20, 21 തീയതികളിലായി ഇടുക്കി, കോട്ടയം ജില്ലകളിലെത്തും. 22നും 23നും ആലപ്പുഴയിലാണ് പര്യടനം. 24ന് അവധി. 25ന് പത്തനംതിട്ടയിൽ നിന്ന് തുടങ്ങി വൈകിട്ട് കൊല്ലത്തെത്തും. 26ന് കൊല്ലത്തെ പര്യടനം പൂർത്തിയാക്കി 27ന് തിരുവനന്തപുരത്ത് പ്രവേശിക്കും. 28ന് സമാപിക്കും.