പാലോട്: പെരിങ്ങമ്മല നന്ദിയോട് പഞ്ചായത്തുകളിൽ കാട്ടാനയും കാട്ടുപന്നിയും വിഹരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. കാർഷിക വിളകൾ നശിപ്പിച്ച് നന്ദിയോട്, ചെല്ലഞ്ചി, പെരിങ്ങമ്മല സെന്റ്മേരീസിലും വന്യജീവികൾ താണ്ഡവമാടുകയാണ്. രാത്രയായാൽ വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞദിവസം ചെല്ലഞ്ചി പാടശേഖരത്തിൽ കാട്ടുപന്നികൾ കൂട്ടത്തോടെയിറങ്ങി വയലുകൾ നശിപ്പിച്ചു. സുശീലൻ, രാജേന്ദ്രൻ, ഹരി, സുന്ദരൻ തുടങ്ങിയവരുടെ വയലുകളാണ് നശിച്ചത്. വിളവെടുപ്പിനു പാകമായ നെൽപ്പാടങ്ങൾ കൊയ്ത് തീരും വരെ ഇവിടത്തെ കർഷകർക്ക് ഉറക്കമില്ലാത്ത നാളുകളാണ്. കഴിഞ്ഞവർഷവും ഇത്തരത്തിൽ കാട്ടുപന്നി ശല്യം വ്യാപകമായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്. സോളാർ ഫെൻസിങ് നിർമ്മിക്കണമെന്നാണ് കർഷകരുടെ ആവശ്യം. തദ്ദേശ, കൃഷി വകുപ്പ് അധികാരികൾക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും ഫലം കണ്ടില്ലെന്നാണ് ഇവരുടെ പരാതി. ഗ്രാമസഭായോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തിരുന്നു. കടം വാങ്ങിയും ലോണെടുത്തുമാന്ന് ഇക്കുറി കർഷകർ കൃഷിയിറക്കിയത്. പെരിങ്ങമ്മലയിലെ സെന്റ്‌മേരീസ്, കുണ്ടാളംകുഴി, പേത്തലകരിക്കകം, ഇലവുപാലം, അടിപറമ്പ്, വെങ്കിട്ടമൂട്, മങ്കയം, ഇടിഞ്ഞാർ, ചെന്നല്ലിമൂട്, ഇയ്യക്കോട്, ഇലഞ്ചിയം, ഞാറനീലി എന്നിവിടങ്ങളിൽ ഒറ്റയാനാണ് ഭീതി പരത്തുന്നത്. തെങ്ങു, വാഴ, റബർ മുതലായ വിളകൾ പരക്കെ നശിപ്പിക്കുന്നുണ്ട്. ജവഹർകോളനി ഇടക്കോളനിയിൽ ലോഹിതാക്ഷന്റെ 70 സെന്റ് പുരയിടത്തിലെ വാഴയും റബറും നശിപ്പിച്ചത് അടുത്തിടെയാണ്. കാട്ടാനശല്യം തടയാൻ സ്ഥാപിച്ച സോളാർവേലി തകർത്തായിരുന്നു കാട്ടാനയുടെ പരാക്രമം. കർഷകർ വനംവകുപ്പിൽ അറിയിക്കുമ്പോൾ പടക്കംപൊട്ടിച്ച് ശബ്ദമുണ്ടാക്കി ആനയെ ഭയപ്പെടുത്തി ഓടിക്കാനാണ് മറുപടി. എന്നാൽ, ഈ സൂത്രപ്പണി ഒറ്റയാന്റെ നേരെ ഫലപ്പെടില്ലെന്നാണ് കർഷകർ പറയുന്നു. വെളുപ്പാൻകാലത്ത് ആനയിറങ്ങുന്നത് റബർ ടാപ്പിംഗ് തൊഴിലാളികളെ ഭയപ്പെടുത്തുന്നുണ്ട്. വന്യജീവിശല്യം തടയാൻ ശാസ്ത്രീയ പദ്ധതികൾ നടപ്പിലാക്കുമെന്ന ഉറപ്പ് പാലിക്കാൻ സർക്കാർ തയാറാവണമെന്ന് കോൺഗ്രസ് എൻ.എസ്.എസ് ബൂത്ത് പ്രസിഡന്റ് എസ്.ജി. കുമാർ ആവശ്യപ്പെട്ടു.