ps-sreedaran-pillai

തിരുവനന്തപുരം : സംതൃപ്‌ത സമൂഹത്തിനും സന്തുലിത സമ്പദ്ഘടന‌യ്‌ക്കും സഹായകമായ ബഡ്‌ജറ്റാണ് ധനമന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭരണം നേടിയെടുത്ത സാമ്പത്തിക പുരോഗതിയും സമ്പദ്ഘടനയുടെ സ്ഥിരതയും പ്രതിഫലിപ്പിക്കുന്ന ബഡ്ജറ്റാണിത്.

തിരഞ്ഞെടുപ്പ് സായാഹ്നത്തിൽ സർക്കാരിന്റെ കിരീടത്തിലെ മറ്റൊരു തിളക്കമാർന്ന തൂവലാണ് ബഡ്‌ജറ്റ് തിരുകിച്ചേർത്തിരിക്കുന്നത്. ആത്മവിശ്വാസത്തോടെ ജനങ്ങളെ സമീപിക്കാൻ എൻ.ഡി.എ അണികൾക്ക് ആത്മവിശ്വാസവും ആവേശവും നൽകുന്നതാണിത്. കള്ളപ്പണ നിർമ്മാർജ്ജനത്തിൽ എൻ.ഡി.എ സർക്കാരിന്റെ നോട്ട് നിരോധനം ഒട്ടേറെ മുന്നോട്ട് പോയി. നികുതിദായകരിൽ എൺപതു ശതമാനം വർദ്ധനയുണ്ടായി. മദ്ധ്യവർഗത്തിന്റെ ആദായനികുതി പരിധി അഞ്ചു ലക്ഷമായി വർദ്ധിപ്പിച്ചതും ആശ്വാസമാണ്.

ദീർഘമായ തീരദേശമുള്ള, നല്ലൊരു വിഭാഗം മത്സ്യത്തൊഴിലാളികളുള്ള നമ്മുടെ സംസ്ഥാനത്തിന്റെ ഏറെക്കാലമായി അംഗീകരിക്കപ്പെടാത്ത ആവശ്യമായിരുന്നു മത്സ്യബന്ധനമേഖലയ്‌ക്ക് പ്രത്യേക വകുപ്പ് വേണമെന്നത്. ബി.ജെ.പി കേരളഘടകത്തിന്റെ ഈ ആവശ്യം ബഡ്ജറ്റിൽ യാഥാർത്ഥ്യമായെന്നും ശ്രീധരൻപിള്ള പറഞ്ഞു.